പാലക്കാട്‌ ഒറ്റപ്പാലത്ത് ട്രയിൻ യാത്രക്കിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ഒറ്റപ്പാലം: ട്രെയിൻ യാത്രക്കിടെ തമിഴ്‌നാട് സ്വദേശി മദ്യ ലഹരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. എറണാകുളത്ത് നിന്നും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന വാണിയംകുളം മാന്നനൂർ മണ്ണാൻ പറമ്പിൽ ജിഷ്ണുവിനാണ് (25) കുത്തേറ്റത്. തമിഴ്‌നാട് പൂങ്കാവൂർ വടക്കേത്തെരുവിൽ വീരമണിയെ (54) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ എറണാകുളം-കാരക്കൽ ട്രെയിൻ കൊച്ചിൻ പാലത്തിനും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള കാരക്കാട് നമ്പ്രം ഭാഗത്തെത്തിയപ്പോഴായിരുന്നു ആക്രമണം. എറണാകുളത്ത് നിന്നും ജോലികഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഒറ്റപ്പാലത്തേക്ക് ടിക്കറ്റെടുത്തതായിരുന്നു ജിഷ്ണു. അടുത്ത സ്റ്റേഷനായ ഒറ്റപ്പാലത്ത് ഇറങ്ങാൻ ബാഗുമെടുത്ത് എഴുന്നേൽക്കുന്നതിനിടയിൽ നിലത്ത് കിടന്നിരുന്ന വീരമണിയുടെ ശരീരത്തിൽ കാൽ തട്ടിയതാണ് ഇയാളെ പ്രകോപിച്ചത്. ചാടിയെഴുന്നേറ്റ ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ജിഷ്ണുവിന്റെ ഇരുകാലുകളിലും ഇടത്തെ തുടയിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പറയുന്നു. ജിഷ്ണുവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയിടങ്ങളിൽ 35 ലേറെ തുന്നലുകൾ ഇട്ടിട്ടുണ്ട്. നാട്ടിലേക്ക് പോവുകയായിരുന്ന വീരമണിയെ പാലക്കാട് എത്തിയപ്പോഴാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. എസ്.ഐ അനിൽമാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button