വിശപ്പില്ലെങ്കിലും ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്ന ശീലമുണ്ടോ? കാരണം ഇതാണ്!
അടുക്കളയിൽ പോകുന്നു, ഫ്രിഡ്ജ് തുറക്കുന്നു, കുറച്ച് നേരം അതിനകത്തേക്ക് നോക്കി നിൽക്കുന്നു. പുതിയതായി ഒന്നുമില്ലെന്ന് കണ്ട് നിരാശയോടെ ഫ്രിഡ്ജ് അടച്ച് തിരികെ നടക്കുന്നു. എന്നാൽ ഒരു പത്ത് മിനിറ്റ് കഴിയുമ്പോൾ വീണ്ടും ഇതേ കാര്യം തന്നെ ആവർത്തിക്കുന്നു! ഈ ശീലം നിങ്ങൾക്കുമുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. വിശന്നിട്ടല്ല പലപ്പോഴും നമ്മൾ ഫ്രിഡ്ജ് തുറക്കുന്നതെന്നാണ് സൈക്കോളജി പറയുന്നത്. മടുപ്പ്, ശീലം, അല്ലെങ്കിൽ എന്തെങ്കിലും ‘സർപ്രൈസ്’ കിട്ടുമെന്ന തലച്ചോറിന്റെ പ്രതീക്ഷ എന്നിവയൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങൾ. പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കാണുമ്പോൾ തലച്ചോറിൽ സന്തോഷവും പ്രചോദനവും നൽകുന്ന രാസപ്രക്രിയകൾ നടക്കുന്നു. സമയം കഴിയുന്തോറും ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ ഇത്തരം ഒരു പ്രതിഫലം തലച്ചോർ ആഗ്രഹിക്കാൻ തുടങ്ങും. ജോലി കഴിഞ്ഞോ മറ്റോ ക്ഷീണിച്ച് വരുമ്പോൾ നമ്മൾ അറിയാതെ തന്നെ ഫ്രിഡ്ജിന് മുന്നിൽ എത്തുന്നതിന്റെ കാരണവും ഇതാണ്. വിശപ്പിനേക്കാൾ ഉപരി മനസിന് സന്തോഷം നൽകുക എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ തലച്ചോർ ലക്ഷ്യമാക്കുന്നത്. യഥാർഥത്തിൽ ശരീരത്തിന് ഊർജം ആവശ്യമുള്ളപ്പോൾ ഉണ്ടാകുന്ന വിശപ്പിനെ ‘ഹോമിയോസ്റ്റാറ്റിക് ഹംഗർ’ എന്നും, സന്തോഷത്തിന് വേണ്ടി മാത്രം ഭക്ഷണം കഴിക്കാൻ തോന്നുന്നതിനെ ‘ഹെഡോണിക് ഹംഗർ’ എന്നുമാണ് മനഃശാസ്ത്രജ്ഞർ വിളിക്കുന്നത്.ചാൾസ് ഡുഹിഗ് എന്ന ഗവേഷകൻ മുന്നോട്ടുവെച്ച ‘ഹാബിറ്റ് ലൂപ്പ് തിയറി’ വഴിയും ഈ ശീലത്തെ വിശദീകരിക്കാം. ഒരു കാര്യം ചെയ്യാനുള്ള പ്രേരണ, ആ പ്രവർത്തി, അതിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഒരു ശീലം രൂപപ്പെടുന്നത്. ഉദാഹരണത്തിന്, ഫോണിൽ ഒരു വിഡിയോ ലോഡ് ആകാൻ കാത്തിരിക്കുന്ന സമയം നിങ്ങൾക്ക് അനുഭവപ്പെടുന്ന വിരസതയാണ് പ്രേരണ. അപ്പോൾ ഫ്രിഡ്ജിനടുത്തേക്ക് നടക്കുന്നത് പ്രവർത്തിയും, അവിടെ നിന്ന് എന്തെങ്കിലും ആകർഷകമായത് കണ്ടെത്തുമെന്ന പ്രതീക്ഷ പ്രതിഫലവുമാണ്. കാലക്രമേണ ഇത് യാന്ത്രികമായ ഒരു ശീലമായി മാറുന്നു.എപ്പോഴെങ്കിലും ഫ്രിഡ്ജ് തുറക്കുമ്പോൾ നമ്മൾ മറന്നുവെച്ച ഇഷ്ടപ്പെട്ട ഏതെങ്കിലും ഭക്ഷണമോ ചോക്ലേറ്റോ ഐസ്ക്രീമോ കാണാൻ കഴിഞ്ഞേക്കാം എന്ന പ്രതീക്ഷയാണ് മറ്റൊരു കാരണം. എപ്പോഴും ഒന്നും കിട്ടിയില്ലെങ്കിലും, ചിലപ്പോൾ കിട്ടുന്ന ഇത്തരം സർപ്രൈസുകൾ നമ്മെ വീണ്ടും ഫ്രിഡ്ജ് തുറക്കാൻ പ്രേരിപ്പിക്കുന്നു. സോഷ്യൽ മീഡിയ ഫീഡുകൾ ഇടയ്ക്കിടെ റിഫ്രഷ് ചെയ്ത് നോക്കുന്ന അതേ മാനസികാവസ്ഥ തന്നെയാണ് ഇതിന് പിന്നിലും പ്രവർത്തിക്കുന്നത്.നമ്മുടെ ചുറ്റുപാടുകളും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള അടുക്കളയും, എളുപ്പത്തിൽ കാണാൻ സാധിക്കുന്ന രീതിയിലുള്ള സ്നാക്സുകളും ഈ ശീലത്തെ സ്വാധീനിക്കുന്നു. ഇനി അടുത്ത തവണ അറിയാതെ ഫ്രിഡ്ജ് തുറക്കാൻ പോകുമ്പോൾ സ്വയം ഒരു കാര്യം ചോദിക്കുക: ‘എനിക്ക് ശരിക്കും വിശക്കുന്നുണ്ടോ അതോ എന്റെ തലച്ചോർ എന്തെങ്കിലും രസകരമായത് അന്വേഷിക്കുകയാണോ?’ ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം!





