ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; അർബുദ ബാധിതനായി ചികിത്സയിലായിരുന്നു
‘
മുംബൈ: ‘ലഗാൻ’, ‘സർഫറോഷ്’, ‘ഗജിനി’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ വേഷമിട്ടു. 2001ൽ പുറത്തിറങ്ങിയ ലഗാൻ എന്ന ചിത്രത്തിൽ ആമിർ ഖാനൊപ്പം അഭിനയിച്ചു. 2005ൽ പുറത്തിറങ്ങിറയ ഗജിനി എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ ഹിന്ദി റീമേക്കിലും വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രദീപ് തന്നെയാണ്. 1952 ജനുവരി 21ന് മധ്യപ്രദേശിലെ ജബൽപൂരിലാണ് ജനനം. ടെലിവിഷൻ പരമ്പരകളിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. മഹാഭാരതം ടെലിവിഷൻ പരമ്പരയിൽ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവിന്റെ വേഷം ചെയ്തു. 1985ൽ പുറത്തിറങ്ങിയ ‘മേരി ജംഗ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ഹിന്ദി ചിത്രങ്ങളിലും തെലുങ്ക്, തമിഴ് സിനിമാ ലോകത്തും ശക്തമായ സാന്നിധ്യമറിയിച്ചു. എസ്.എസ്. രാജമൗലിയുടെ ‘സൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവർ മക്കളാണ്.





