പാതിരാത്രിയിൽ നായകളുടെ കുര കേട്ട് എണീറ്റ വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ബാത്റൂമിൽ ഒളിച്ചിരുന്നത് ഭീമൻ മുതല

ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തിന്റെ വീട്ടിനകത്തെ ബാത്ത്‌റൂമില്‍ മുതല. ആനന്ദ് സ്വദേശിയായ ബാലഭായ് ചൗഹാന്റെ വീട്ടിനകത്താണ് ഏഴടിയോളം നീളം വരുന്ന മുതലയെ കണ്ടെത്തിയത്. അർധരാത്രിയിൽ വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് വീട്ടുപരിസരം പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ മുതലയെ കണ്ടെത്തിയത്. മഴക്കാലത്ത് ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന് വീടുകള്‍ വെള്ളത്തിനടിയിലാകുന്നതിന് പുറമെ, മുതല, പാമ്പ് തുടങ്ങിയ അപകടകാരികളായ ജീവികള്‍ വീടുകളിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായ നിര്‍ത്താതെ കുരക്കുന്നത് കേട്ട് അസ്വാഭാവികത തോന്നി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ബാത്ത്‌റൂമില്‍ കുടുംബം മുതലയെ കണ്ടെത്തിയത്. കണ്ടപാടെ പരിഭ്രാന്തരായ അവർ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മുതലയ്ക്ക് ഏഴടിയോളം വലിപ്പമുണ്ടായിരുന്നെന്ന് കുടുംബം പിന്നീട് പ്രതികരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഗാര്‍ഡുമാരായ നിലേഷ് ഭര്‍വാദ്, മനീഷ് പ്രജാപതി എന്നിവരും വന്യജീവി സംരക്ഷണ/രക്ഷാപ്രവര്‍ത്തന സംഘടനയായ ദയ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മുതലയെ പിടിച്ചുകെട്ടുകയായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം നീണ്ടു രക്ഷാപ്രവര്‍ത്തന ദൗത്യം. പിന്നാലെ, പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ മുതലയെ തൊട്ടടുത്ത ഗ്രാമത്തിലെ കുളത്തില്‍ വിടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘വനംവകുപ്പില്‍ നിന്നുള്ള വിവരമറിഞ്ഞതിന് തൊട്ടുപിന്നാലെ ഞങ്ങളുടെ സംഘം സ്ഥലത്തെത്തി. ഏഴടിയോളം നീണ്ട മുതലയായിരുന്നു അത്. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെയാണ് ഞങ്ങള്‍ക്കതിനെ പിടികൂടാനായത്. പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കുറച്ചപ്പുറത്തുള്ള കുളത്തില്‍ അതിനെ കൊണ്ടുവിട്ടിട്ടുണ്ട്’. ദയ ഫൗണ്ടേഷന്‍ പ്രസിഡന്റ് നിതീഷ് ചൗഹാന്‍ പറഞ്ഞു. മഴക്കാലമായതിനാലാണ് മുതലകളും പാമ്പുകളും പോലുള്ള അപകടകാരികളായ ജീവികള്‍ വീട്ടിനുള്ളിലേക്ക് കടന്നുവരുന്നതെന്ന് വനംവകുപ്പ് വിശദീകരിച്ചു. കനത്ത മഴയെ തുടര്‍ന്ന് തോടും പാടവും റോഡും ഒന്നാവുന്നതിലൂടെ ഇത്തരം ജീവികള്‍ സ്വാഭാവികമായി കടന്നുവരികയാണ്. ഭക്ഷണം, പുതിയ താവളം, ശരീരതാപനില സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കുന്ന ഇടങ്ങള്‍ എന്നിവ തേടിയാണ് മുതലകള്‍ നാട്ടിന്‍പുറങ്ങളിലേക്ക് കടന്നുവരുന്നതെന്നും വനംവകുപ്പ് ജീവനക്കാര്‍ വ്യക്തമാക്കി. തൊട്ടടുത്തുള്ള മാലത്വാജ് ഗ്രാമത്തിലെ ഒരു കുളത്തില്‍ നൂറ് കണക്കിന് മുതലകളുണ്ടെന്നും മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ അവയിനിയും നാട്ടിന്‍പുറങ്ങളിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button