യുപിഐ പേയ്മെന്റുകൾ സൗജന്യമായി തുടരും; ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ലെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ
ന്യൂഡൽഹി: യുപിഐ പേയ്മെന്റുകൾ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കില്ലെന്നും പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. യുപിഐ ഇടപാട് നടത്തുന്നതിലൂടെ ചെറുകിട കച്ചവടക്കാരിൽ നിന്ന് പണം ഈടാക്കില്ലെന്നും ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ കൂടുതൽ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിസിഐ അറിയിച്ചു. രണ്ടായിരത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. 2016-ൽ ആരംഭിച്ചത് മുതൽ ഉപഭോക്താക്കൾക്ക് യുപിഐ സംവിധാനം സൗജന്യമാണെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. യാതൊരു ഇടപാട് ചാർജുകളും നൽകാതെ തന്നെ ഓരോ ഇന്ത്യക്കാരനും തൽക്ഷണ ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുന്നത് തുടരാമെന്നും പിസിഐ വിശദമാക്കി. ഇന്ത്യയിലുടനീളമുള്ള ഏറ്റവും ചെറിയ ബിസിനസുകൾക്ക് പോലും ഡിജിറ്റൽ പേയ്മെന്റുകൾ ലഭ്യമാക്കുന്നതിനാണ് യുപിഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നത് ഈ പേയ്മെന്റ് മേഖലയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് പ്രധാനമാണെന്നും പിസിഐ പ്രസ്താവനയിലുണ്ട്.യുപിഐ പേയ്മെന്റുകൾക്ക് മെർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ നിയമഭേദഗതിക്ക് കേന്ദ്ര ധനമന്ത്രാലയം ശിപാർശ ചെയ്തെന്ന റിപ്പോർട്ടുകൾ സാധാരണക്കാരായ ഉപയോക്താക്കളെ കടുത്ത ആശങ്കയിലേക്കാണ് തള്ളിവിട്ടിരുന്നത്. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, 2007-ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 10A-യിലെ നിലവിലെ നിയന്ത്രണം ഒഴിവാക്കാനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്മെന്റുകൾക്ക് നിരക്ക് ഈടാക്കുന്നതിൽ നിന്ന് ബാങ്കുകളെയും പേയ്മെന്റ് കമ്പനികളെയും തടയുന്ന വകുപ്പാണിത്. ഈ ഭേദഗതി യുപിഐക്ക് മേൽ നേരിട്ട് നിരക്ക് ചുമത്തില്ലെങ്കിലും, ഭാവിയിൽ ഏതെല്ലാം പേയ്മെന്റ് സംവിധാനങ്ങൾക്ക് ഫീസ് ഈടാക്കാമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം സർക്കാരിന് നൽകിയേക്കും. അതേസമയം, യുപിഐ സേവനം ഉപയോഗിക്കുന്നവർക്ക് ഒരു ഫീസും അധികമായി നൽകേണ്ടി വരില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. മെർച്ചെന്റ് ഡിസ്കൗണ്ട് റേറ്റ് വ്യാപാരികളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ബാങ്കുകളേയും ഫിന്ടെകുകളേയും പിന്തുണക്കുന്നതിനാണ് പുതിയ നീക്കം. ഇവര്‍ കൂടുതല്‍ പണം നിക്ഷേപിക്കണമെങ്കില്‍ ഇത്തരമൊരു നീക്കം നടത്തിയെ മതിയാകുവെന്നും നിര്‍മല സീതാരാമന് പറഞ്ഞു. എംഡിആറിന്റെ കാര്യത്തില്‍ യുപിഐയും എന്‍പിസിഐ സര്‍വീസുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും നിര്‍മല സീതാരാമന് പറഞ്ഞു. പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ബാങ്കുകളും വ്യാപാരികള്‍ക്കുമേല്‍ ചുമത്തുന്ന ഫീസാണ് മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്. പുതിയ നിയമപ്രകാരം യുപിഐ അടക്കമുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജയ്റാം രമേശ് അടക്കമുള്ള നേതാക്കള്‍ ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതില്‍ ജയ്റാം രമേശിന്റെ പോസ്റ്റിന് താഴെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നിര്‍മല സീതാരാമന് മറുപടി പോസ്റ്റിട്ടിരിക്കുന്നത്. പുതിയ നിയമഭേദഗതിയുടെ ബാധ്യത സ്വാഭാവികമായി ഉപഭോക്താക്കള്‍ക്ക് വരുമെന്നായിരുന്നു എംഡിആര്‍ ഫീസിനെ കുറിച്ചുള്ള ജയ്റാം രമേശിന്റെ എക്സ് പോസ്റ്റ്.





