നാല് ജില്ലകളിൽ റെഡ് അലർട്ട്; വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ മുന്നറിയിപ്പ് പ്രകാരം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ 24 മണിക്കൂറിൽ 204.4 എം.എമിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ടാണ്. ശമനമില്ലാതെ മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ (08-08-2026) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിലും വയനാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി. അതേസമയം, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധിയാണ്. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല. വയനാട് ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാലും പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് ജില്ലാ കലക്ടർ ഡി.ആര്‍ മേഘശ്രീ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങൾ റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി മനസിലാക്കി അങ്ങോട്ടേക്ക് മാറണം. കൂടാതെ, മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കാനും നിർദേശമുണ്ട്.




