മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി അന്തരിച്ചു; വിയോഗം 68-ാം വയസ്സിൽ

റൊസാരിയോ: അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവും ദീർഘകാല ഏജന്റുമായ ജോർഹെ മെസ്സി (68) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാർത്ത അർജന്റീനിയൻ മാധ്യമങ്ങളായ ‘ഇൻഫോബേ’, ‘റൊസാരിയോ 3’, കാറ്റലോണിയ റേഡിയോ എന്നിവയാണ് പുറത്തുവിട്ടത്. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും, മെസ്സിയുടെ ലോകകപ്പ് സഹതാരമായ നിക്കോ പാസ് ഫേസ്‌ബുക്കിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചത് വാർത്തയ്ക്ക് കൂടുതൽ സ്ഥിരീകരണമായി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അർജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയിൽ വെച്ചാണ് ലയണൽ മെസ്സിയുടെ പിതാവ് ജോർഹെ മെസ്സി മരണത്തിന് കീഴടങ്ങിയത്. മെസ്സിയുടെ ഫുട്ബാൾ കരിയറിൽ നിർണായക പങ്കുവഹിച്ച വ്യക്തിയുടെ വിയോഗത്തിൽ ഫുട്ബാൾ ലോകം ആകെ തീരാദുഃഖത്തിലാണ്.ലയണൽ മെസ്സി എന്ന ലോകോത്തര താരത്തിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു പിതാവ് ജോർഹെ മെസ്സി. ചെറുപ്പത്തിൽ വളർച്ചാ ഹോർമോൺ കുറവുകളാൽ പ്രയാസപ്പെട്ട മെസ്സിയെ ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന കാലത്ത് ശരിയായ ചികിത്സ ലഭ്യമാക്കാൻ മുൻകൈ എടുത്തത് ജോർഹെ ആയിരുന്നു.പിന്നീട് മെസ്സിയുടെ ഫുട്ബാൾ കരിയർ പടുത്തുയർത്താൻ പതിമൂന്നാം വയസ്സിൽ ബാഴ്സലോണയിലേക്ക് വണ്ടി കയറുമ്പോൾ മകനൊപ്പം സ്പെയിനിലേക്ക് പോയതും പിതാവായിരുന്നു. ഭാര്യ സെലിയ കുച്ചിറ്റിനിയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരും അന്ന് റൊസാരിയോയിൽ തുടർന്നപ്പോഴും മെസ്സിയുടെ തണലായി ജോർഹെ സ്പെയിനിൽ കൂടെനിന്നു.മെസ്സിയുടെ മുഴുവൻ പ്രൊഫഷണൽ കരിയറിന്റെയും മേൽനോട്ടം വഹിച്ചത് ജോർഹെ മെസ്സിയായിരുന്നു. വെറുമൊരു പിതാവ് എന്നതിലുപരി മെസ്സിയുടെ ഔദ്യോഗിക ഏജന്റായി പ്രവർത്തിച്ച അദ്ദേഹം ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്ക് നേതൃത്വം നൽകി. വാണിജ്യ-പരസ്യ കരാറുകളിലും ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും മുന്നിൽ നിന്നു. കളിക്കളത്തിന് പുറത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് മെസ്സിക്ക് കളയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമൊരുക്കി.കഴിഞ്ഞ കുറച്ചുകാലമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ വലഞ്ഞിരുന്ന ജോർഹെ മെസ്സിയുടെ അഭാവം ലോകകപ്പ് വേദിയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ ആന്റോണല്ല റൊക്കൂസോയും മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരും ഗാലറിയിൽ മെസ്സിയെ പ്രോത്സാഹിപ്പിക്കാൻ എത്തിയപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോർഹെ മെസ്സിക്ക് മത്സരങ്ങൾ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button