അര്‍ജുന്‍ ആയങ്കി നിരവധി കേസുകളില്‍ പ്രതി; ജാമ്യം നല്‍കിയാല്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊച്ചി: അര്‍ജുന്‍ ആയങ്കി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ജാമ്യം ലഭിച്ചാല്‍ നിയമവ്യവസ്ഥയെ നിസാരവത്ക്കരിച്ച് കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തും. ആയങ്കിക്ക് ജാമ്യം ലഭിച്ചാല്‍ അത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രചോദനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതിനാല്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടത് സുഹൃത്തായ പ്രണവാണെന്ന് ആയങ്കി മൊഴി നല്‍കി. ഇക്കാര്യം പൊലീസ് പരിശോധിക്കും. പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ പോയ അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ വെച്ചാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ താളിക്കാവിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യന്തരമന്ത്രിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ആയങ്കിയെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. ഇതിനിടെ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി പണം പിരിക്കാന്‍ ക്യൂആര്‍ കോഡ് നിര്‍മിച്ചതില്‍ സഹോദരന്‍ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.





