പോലീസിനെ കണ്ട് പേടിച്ചോടി, വളഞ്ഞിട്ട് പിടിച്ചു; പിടിച്ചെടുത്തത് വിൽപനയ്‌ക്കെത്തിച്ച കഞ്ചാവ്

കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം കോട്ടപ്പടി സ്വദേശി വെളുത്തേടത്ത് വീട്ടിൽ ജയദാസൻ (54) ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച വൈകുന്നേരം വെസ്റ്റ് മാങ്കാവ് പരിസരത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

പന്നിയങ്കര എസ്‌ഐയും സംഘവും പട്രോളിങ് ഡ്യൂട്ടി ചെയ്ത് വരവേ ഇവിടെ എത്തിയപ്പോൾ പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജയദാസൻ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബിഗ്ഷോപ്പറിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സും പോലീസ് കണ്ടെടുത്തു.

പ്രതി പാളയം, മാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുകയാണെന്നും മുൻപ് ചക്കുംകടവ് താമസിച്ചിരുന്ന പ്രതി ഇപ്പോൾ രണ്ട് വർഷത്തോളമായി മാങ്കാവിലാണ് താമസമെന്നും പോലീസ് പറഞ്ഞു.

ജയദാസന്റെ പേരിൽ മറ്റ് കേസുകൾ ഉണ്ടോ എന്നതടക്കം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button