ദേഹത്ത് ഒന്നു തൊടുകപോലും ചെയ്യാതെ ജീവനെടുക്കും! പ്രകൃതിയിലെ ‘ഭീകരന്മാരായ’ അഞ്ച് ജീവികൾ
ഒരു ജീവി നമ്മളെ ആക്രമിക്കാൻ വരുന്നു എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് എന്താണ്? കൂർത്ത പല്ലുകളുള്ള സിംഹമോ, നഖങ്ങൾ നീട്ടി വരുന്ന കടുവയോ, അതല്ലെങ്കിൽ കൊത്താൻ ആഞ്ഞുനിൽക്കുന്ന പാമ്പോ ഒക്കെയാകും, അല്ലേ? ഇതിനൊക്കെ നമ്മളെ ഒന്നു തൊടുകയെങ്കിലും വേണം! എന്നാൽ, ദേഹത്ത് ഒരു വിരൽത്തുമ്പുപോലും കൊള്ളിക്കാതെ, ദൂരത്തുനിന്ന് നിഷ്പ്രയാസം ജീവനെടുക്കാൻ കഴിവുള്ള ചില വിരുതന്മാർ ഈ ഭൂമിയിലുണ്ട്. മാജിക്കൊന്നുമല്ല, പ്രകൃതി നൽകിയ ചില സൂപ്പർ പവറുകളാണ് ഇവരുടെ ആയുധം. സയൻസ് ഫിക്ഷൻ സിനിമകളെ വെല്ലുന്ന സാങ്കേതികവിദ്യകളുമായി ജീവിക്കുന്ന, ലോകത്തെ ആ അഞ്ച് ‘ഭീകരന്മാരെ’ പരിചയപ്പെടാം.ഇലക്ട്രിക് ഈൽ: വെള്ളത്തിലെ ‘ഹൈ-വോൾട്ടേജ്’ ഷോക്ക്!വെള്ളത്തിൽ വെച്ച് ഇവനുമായി ഒന്ന് കൊമ്പുകോർക്കാൻ നിന്നാൽ നിങ്ങളെ തൊടാൻ ഈൽ ഒന്നു മിനക്കെടുക പോലുമില്ല. അപകടം മണത്താൽ ഉടൻ തന്നെ ശരീരത്തിൽ നിന്നും 600 വോൾട്ട് വരെയുള്ള കറന്റ് വെള്ളത്തിലേക്ക് അങ്ങ് പാസ് ചെയ്യും. വീട്ടിലെ പ്ലഗ്ഗിൽ നിന്ന് ഷോക്കടിച്ചാൽ തന്നെ നമ്മുടെ ജീവൻ പോകും, അപ്പോഴാണ് 600 വോൾട്ട്! ഈ വെള്ളത്തിൽ നിൽക്കുന്ന ഇരകളോ ശത്രുക്കളോ ആ നിമിഷം തന്നെ ഷോക്കടിച്ച് മരവിച്ച് മുങ്ങിമരിക്കും. അതായത്, തൊടാതെ തന്നെ വെള്ളത്തിലൂടെ മരണം ഡെലിവറി ചെയ്യുന്ന വിരുതൻ!സ്പിറ്റിങ് കോബ്ര: വിഷം ചീറ്റുന്ന സ്നൈപ്പർപാമ്പുകൾ കടിക്കാനായി അടുത്തേക്ക് വരും എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ സ്പിറ്റിങ് കോബ്രയ്ക്ക് അതിൻ്റെ ആവശ്യമില്ല. ദൂരത്തുനിന്ന് തന്നെ ശത്രുവിന്റെ കണ്ണുകളിലേക്ക് കൃത്യമായി ഉന്നം പിടിച്ച് വിഷം ചീറ്റാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഒരു സ്നൈപ്പർ തോക്കിൽ നിന്ന് വെടിയുണ്ട പായുന്ന കൃത്യതയോടെയാണ് ഇവ വിഷം തുപ്പുന്നത്. കണ്ണിൽ ഈ വിഷം വീണാൽ കടുത്ത വേദനയും ഒപ്പം അന്ധതയും ഉറപ്പാണ്. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെ ഈ വിഷം രക്തത്തിൽ കലർന്നാൽ പിന്നെ പറയുകയും വേണ്ട, മരണം തൊട്ടുമുന്നിൽ എത്തും!പഫർ ഫിഷ്: പ്ലേറ്റിലിരുന്ന് കൊല്ലുന്ന സൈലന്റ് കില്ലർഒറ്റനോട്ടത്തിൽ കണ്ടാൽ കൊഞ്ചിക്കാനും ഓമനിക്കാനും തോന്നുന്ന രൂപം. ഇവർ നമ്മളെ ആക്രമിക്കാൻ വരികയൊന്നുമില്ല, പക്ഷേ ഇവരെ പിടിച്ച് കറിയാക്കാൻ നോക്കിയാൽ പണി പാളും! ലോകത്തിലെ ഏറ്റവും അപകടകാരിയായ വിഷങ്ങളിൽ ഒന്നായ ‘ടെട്രോഡോടോക്സിൻ’ ആണ് ഇവയുടെ ശരീരത്തിലുള്ളത്. സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ള വിഷമാണിത്.ബോംബാർഡിയർ ബീറ്റിൽ: തിളയ്ക്കുന്ന ആസിഡ് ബോംബ്!വലിപ്പം കണ്ട് ഇവനെ ആരും കുറച്ചുകാണരുത്. ശത്രുക്കൾ ആക്രമിക്കാൻ വന്നാൽ, സ്വന്തം ശരീരത്തിൽ നിന്ന് 100 ഡിഗ്രി സെൽഷ്യസ് ചൂടുള്ള രാസവസ്തുക്കൾ ഒരു സ്പ്രേ പോലെ ഇവൻ പുറത്തേക്ക് തെറിപ്പിക്കും. അക്ഷരാർഥത്തിൽ ഒരു തിളയ്ക്കുന്ന ആസിഡ് ആക്രമണം! മനുഷ്യരെ കൊല്ലാൻ ഈ ചെറിയ സ്പ്രേയ്ക്ക് കഴിയില്ലെങ്കിലും, മറ്റ് ചെറിയ ജീവികൾ അവിടെത്തന്നെ വെന്തുമരിക്കും. ദൂരത്തുനിന്ന് ശത്രുവിനെ ചുട്ടുപൊള്ളിച്ച് കൊല്ലുന്ന ഇവൻ പ്രകൃതിയിലെ ഒരു അത്ഭുതം തന്നെയാണ്.പിസ്റ്റൾ ഷ്രിമ്പ്: വിരലൊടിച്ച് വെടിവെക്കുന്ന കടൽക്കൊള്ളക്കാരൻപേരിൽ തന്നെയുണ്ട് ഇവന്റെ ആയുധം; ഒരു നാടൻ പിസ്റ്റൾ! കടലിനടിയിലെ ഏറ്റവും വലിയ ശബ്ദമുണ്ടാക്കുന്ന ഈ ചെറിയ ചെമ്മീൻ, തൻ്റെ പ്രത്യേകതരം കൈകൾ അതിവേഗത്തിൽ അടയ്ക്കുമ്പോൾ വെള്ളത്തിൽ ഒരു ചെറിയ കുമിള രൂപപ്പെടും. ഈ കുമിള പൊട്ടിത്തെറിക്കുമ്പോൾ സൂര്യന്റെ ഉപരിതലത്തിലുള്ളത്ര ചൂടും അതിശക്തമായ ഒരു ശബ്ദതരംഗവും ഉണ്ടാകുന്നു. ഈ ഷോക്ക് വേവ് കൊണ്ടുതന്നെ ദൂരെയുള്ള ഇരകൾ ബോധംകെട്ടു വീഴുകയോ കൊല്ലപ്പെടുകയോ ചെയ്യും. യാതൊരു സ്പർശനവും കൂടാതെ ശബ്ദം കൊണ്ട് മാത്രം കൊലപാതകം നടത്തുന്ന മാസ് ഹീറോയാണ് ഇവൻ!





