ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍; ബെംഗളൂരുവില്‍ മരുന്ന് മാഫിയാ സംഘം പിടിയില്‍
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. രാമനഗരയിലെ ബിഡാഡിയി നിന്നാണ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം സംഘത്തെ പിടികൂടിയത്. അനുമതിയില്ലാത്ത ഒരു നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് 5 കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രം, വ്യാജ മരുന്നുകള്‍ റീപാക്ക് ചെയ്യുന്നതിനും പ്രമുഖ ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലേബലുകള്‍ പതിക്കുന്നതിനുമായാണ് ഉപയോഗിച്ചിരുന്നത് എന്നാണ് വിവരം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച ശേഷം അവ വീണ്ടും പാക്ക് ചെയ്ത് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ പേരില്‍ വില്‍ക്കുന്ന സംഘമാണ് ഇവര്‍ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിപണിവിലയേക്കാള്‍ ഏകദേശം 50 ശതമാനം കുറഞ്ഞ നിരക്കിലാണ് വ്യാജമരുന്നുകള്‍ ആശുപത്രികള്‍ക്ക് വിറ്റിരുന്നതെന്നും ഇത് വലിയ മരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചെടുത്ത മരുന്നുകളില്‍ ചിലത് തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു എന്നത് ഏറ്റവും ആശങ്കാജനകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ പൊലീസിന് കൈമാറിയിരിക്കുകയാണ്. രാമനഗര പൊലീസ് സൂപ്രണ്ട് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. ബിഡാഡിയിലെ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ വിതരണം ചെയ്തവരും അവ വാങ്ങിയവരും ഉള്‍പ്പെടെ, മരുന്ന് വിതരണ ശൃംഖലയിലെ എല്ലാവരെയും കുറിച്ചും അധികൃതര്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ സംഘത്തിന്റെ പ്രവര്‍ത്തനം കര്‍ണാടകയ്ക്ക് പുറത്തേക്കും വ്യാപിച്ചിട്ടുണ്ടാകാമെന്നും, ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്ന വലിയൊരു വ്യാജമരുന്ന് ശൃംഖല ഇതിനു പിന്നിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഖാദര്‍ സൂചിപ്പിച്ചിരുന്നു. റെയ്ഡിന് വഴിയൊരുക്കിയ വിവരം നല്കിയ വ്യക്തിക്ക് പാരിതോഷികം നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.




