മെസ്സിയുടെ പേരിലെ ‘കള്ളക്കളി’; കൂടുതൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ
തിരുവനന്തപുരം: ഫുട്ബാൾതാരം ലയണൽ മെസ്സിയേയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന നികുതിവെട്ടിപ്പിൽ കൂടുതൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തി. നേരത്തെ ജി.എസ്.ടി കമീഷണർ ചാർജ് മെമ്മോ നൽകിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമെ മറ്റ് ചില ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയതായും ഒത്തുകളിയും നടത്തിയതായുമുള്ള വിവരമാണ് എസ്.ഐ.ടിക്ക് കിട്ടിയത്. ഒരു ഉദ്യോഗസ്ഥന് കൂടി വീഴ്ച സംഭവിച്ചതായി ജി.എസ്.ടി വകുപ്പ് സ്ഥിരീകരിച്ചു. എസ്.ഐ.ടി പ്രാഥമിക റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. ജി.എസ്.ടി വിഭാഗത്തിന്റെ അന്വേഷണത്തിന് പുറമെ സർക്കാർ സമഗ്രാന്വേഷണവും ഉടൻ പ്രഖ്യാപിക്കും. സർക്കാറിന് നികുതിയിനത്തിൽ ലഭിക്കേണ്ട കോടികൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥർശക്കതിരായ കണ്ടെത്തൽ. നികുതി അടക്കാത്തതുമായി ബന്ധപ്പെട്ട് സ്പോൺസർക്ക് സമൻസ് അയച്ചിട്ട് ഏഴു മാസത്തോളം ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പിനെ ഗൗരവത്തോടെ ഉദ്യോഗസ്ഥർ കണ്ടില്ലെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. മെസ്സിയെ കൊണ്ടുവരാൻ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) 22.68 കോടി രൂപ നികുതി അടക്കാത്തതിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജി.എസ്.ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘമാണ് പ്രാഥമികാന്വേഷണം നടത്തിയത്.





