രണ്ട് പ്ലേറ്റ് ചിക്കൻ ബിരിയാണി കഴിച്ച ശേഷം ബിരിയാണിക്ക് രുചിയില്ലെന്ന് പരാതി; പണം ചോദിച്ചതോടെ തർക്കം, ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

ന്യൂഡൽഹി: ഡൽഹിയിലെ വെൽക്കം മേഖലയിൽ ചിക്കൻ ബിരിയാണിക്ക് രുചിയില്ലെന്ന് ആരോപിച്ച് പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു.ആഗസ്റ്റ് 21ന് കബൂതർ മാർക്കറ്റിലെ ഹോട്ടലിലാണ് സംഭവം നടന്നത്. 14ഉം 15ഉം വയസ്സുള്ള രണ്ട് പേരാണ് ഹോട്ടൽ ജീവനക്കാരനായ 25കാരൻ എഹ്സാനുമായി തർക്കത്തിലേർപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ആദ്യം രണ്ട് പ്ലേറ്റ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് കഴിച്ചു. ഭക്ഷണത്തിന് രുചിയില്ലെന്നും അമിതമായി ഉപ്പുണ്ടെന്നും പറഞ്ഞാണ് പിന്നീട് ജീവനക്കാരുമായി തർക്കിച്ചത്. ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്. പ്രശ്നം പരിഹരിക്കാൻ എഹ്സാൻ ശ്രമിച്ചെങ്കിലും ഇരുവരും വഴക്കു തുടരുകയായിരുന്നു. ഇതിനിടെ ഒരാൾ പച്ചക്കറി മുറിക്കുന്ന കത്തിയെടുത്ത് എഹ്സാനെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ എഹ്സാനെ അയൽവാസിയാണ് ജെപിസി ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെൽക്കം പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ 109(1) (വധശ്രമം), 3(5) (പൊതുവായ ഉദ്ദേശ്യം) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും പിടികൂടി. ചോദ്യം ചെയ്യലിൽ സംഭവത്തിൽ പങ്കുണ്ടെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പച്ചക്കറി മുറിക്കുന്ന കത്തിയും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button