കെ.എസ്.ആർ.ടി.സി ബസ് മോഷണം: പ്രതി പിടിയിൽ
പാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മേപറമ്പ് നെല്ലിക്കാട് സ്വദേശി ഫാസിലിനെയാണ് (28) ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. ഡിപ്പോയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ ഏഴിന് പുലർച്ചെ 12.30ഓടെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ബിവറേജിനടുത്ത് നിർത്തിയിട്ടിരുന്ന ബസ് മോഷണം പോയത്. കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ഡിവൈ.എസ്.പി സി.എൽ. ഷാജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഷബീബ് റഹ്മാൻ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ചൊവ്വാഴ്ച വൈകീട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.





