മാതാപിതാക്കൾ കുട്ടികളോട് ഒരിക്കലും പറയാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ
മുതിർന്നവർ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കുട്ടികൾ ഓർമിച്ചുവെക്കാറുണ്ട്. മാതാപിതാക്കൾ ദേഷ്യത്തിൽ പറയുന്ന വാക്കുകളോ, നടത്തുന്ന താരതമ്യങ്ങളോ കുട്ടികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞേക്കാം. പലപ്പോഴും നമ്മൾ ദേഷ്യത്തിൽ പറയുന്ന കാര്യങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം കുട്ടികൾക്ക് മനസിലാകണമെന്നില്ല. ഇത്തരം വാക്കുകൾ അവരിൽ ഭയമോ ആശയക്കുഴപ്പമോ നാണക്കേടോ ഉണ്ടാക്കാൻ കാരണമാകും. അതിനാൽ, മാതാപിതാക്കൾ കുട്ടികളോട് സംസാരിക്കുമ്പോൾ ഒഴിവാക്കേണ്ട ആറ് കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ‘നീ എന്തിനാണ് ഇത്രയും സെൻസിറ്റീവ് ആകുന്നത്?’കുട്ടികളുടെ വികാരങ്ങളെ നിസാരവൽക്കരിക്കുന്ന ഒന്നാണ് ഈ വാചകം. ഇത് കേൾക്കുമ്പോൾ തങ്ങളുടെ സങ്കടങ്ങളും വികാരങ്ങളും അനാവശ്യമാണെന്ന് കുട്ടികൾക്ക് തോന്നിയേക്കാം. പിന്നീട് അവർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കാൻ ഇത് കാരണമാകും. ഇതിനുപകരം, ‘നിനക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാം, എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയൂ’ എന്ന് ചോദിക്കുന്നത് അവരെ കൂടുതൽ ആശ്വസിപ്പിക്കുകയും തങ്ങളുടെ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്യും.’നിനക്കെന്താ നിന്റെ സഹോദരങ്ങളെപ്പോലെ ആയിക്കൂടാ?’കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് താരതമ്യം ചെയ്യൽ. ഓരോ കുട്ടിയും വ്യത്യസ്തരാണ്; അവരുടെ പഠനരീതിയും കഴിവുകളും വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും. സഹോദരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അത് കുട്ടികൾക്കിടയിൽ മത്സരബുദ്ധിയും ശത്രുതയും ഉണ്ടാക്കാൻ കാരണമാകും. കുട്ടികളെ മറ്റൊരാളായി മാറ്റാൻ ശ്രമിക്കാതെ, അവരുടെ സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് വേണ്ടത്.’ഞാൻ പറഞ്ഞതുകൊണ്ട് മാത്രം!’കുട്ടികൾ ഒരു കാര്യം എന്തിനു ചെയ്യണം അല്ലെങ്കിൽ ചെയ്യരുത് എന്ന് ചോദിക്കുമ്പോൾ, പലപ്പോഴും മാതാപിതാക്കൾ നൽകുന്ന മറുപടിയാണിത്. അധികാരത്തോടെയുള്ള ഇത്തരം മറുപടികൾ കുട്ടികളെ താൽക്കാലികമായി അനുസരിപ്പിച്ചേക്കാം, എന്നാൽ ഇതിലൂടെ അവർ യാഥാർഥ്യബോധമോ ഉത്തരവാദിത്തമോ പഠിക്കുന്നില്ല. ഒരു കാര്യം ചെയ്യരുത് എന്ന് പറയുന്നതിന് പിന്നിലെ കാരണം കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുക്കുമ്പോഴാണ് അവർ ശരിയും തെറ്റും തിരിച്ചറിയുകയും ജീവിതമൂല്യങ്ങൾ പഠിക്കുകയും ചെയ്യുന്നത്.’നീ എപ്പോഴും ഇങ്ങനെ തന്നെയാണ്!”നീ എപ്പോഴും ഇങ്ങനെയാണ്’, ‘നീ ഒരിക്കലും നന്നാകില്ല’ തുടങ്ങിയ വാക്കുകൾ കുട്ടികളിൽ വളരെ മോശമായ സ്വാധീനം ചെലുത്തും. ഇത്തരം വാക്കുകൾ തുടർച്ചയായി കേൾക്കുമ്പോൾ, താൻ എപ്പോഴും തെറ്റ് ചെയ്യുന്ന ഒരാളാണെന്നും മടിയനാണെന്നും കുട്ടികൾ വിശ്വസിക്കാൻ തുടങ്ങും. പകരം, ഒരു പ്രത്യേക സാഹചര്യത്തിലെ തെറ്റിനെക്കുറിച്ച് മാത്രം സംസാരിക്കുക. ഉദാഹരണത്തിന്, ‘നീ ഇന്ന് നിന്റെ ബുക്ക് മറന്നുവെച്ചു, നാളെ അത് ഓർമിക്കാൻ നമുക്കൊരു വഴി കണ്ടുപിടിക്കാം’ എന്ന് പറയാവുന്നതാണ്.’നീ വളരെ മോശമാണ്!’കുട്ടികളോട് പറയാൻ പാടില്ലാത്ത ഏറ്റവും അപകടകരമായ വാചകങ്ങളിൽ ഒന്നാണിത്. ഇത് കുട്ടിയുടെ പ്രവൃത്തിയെയല്ല, മറിച്ച് അവരുടെ വ്യക്തിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. താൻ പ്രകൃത്യാ തന്നെ മോശക്കാരനാണെന്ന് കുട്ടി ചിന്തിക്കാൻ ഇത് കാരണമാകും. കുട്ടി ചെയ്യുന്ന തെറ്റുകളെ തിരുത്തുകയാണ് വേണ്ടത്, കുട്ടിയെ മോശക്കാരനാക്കുകയല്ല. ‘നീ ചെയ്ത ആ കാര്യം ശരിയായില്ല’ അല്ലെങ്കിൽ ‘മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നല്ലതല്ല’ എന്ന് പറയുന്നതാണ് കൂടുതൽ ഫലപ്രദം.’കരയുന്നത് നിർത്ത്!’കരയുന്നത് ഒരിക്കലും ഒരു ദൗർബല്യമല്ല. കുട്ടികൾ തങ്ങളുടെ സങ്കടവും ഭയവും നിരാശയുമൊക്കെ പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയാണ്. കരയുന്നത് നിർത്താൻ ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ സങ്കടങ്ങൾ പ്രകടിപ്പിക്കാൻ പാടില്ലെന്ന തോന്നൽ അവരിൽ ഉണ്ടാകുന്നു. ഇതിലൂടെ അവർ വികാരങ്ങൾ ഉള്ളിലൊതുക്കാൻ ശീലിക്കും. ‘നിനക്ക് സങ്കടമുണ്ടെന്ന് എനിക്ക് മനസിലാകുന്നുണ്ട്, കുറച്ചു സമയം എടുത്തോളൂ’ എന്ന് പറയുന്നത് കുട്ടികൾക്ക് കൂടുതൽ ആശ്വാസം നൽകും.ചുരുക്കത്തിൽ മാതാപിതാക്കൾ ആവുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ, കുട്ടികൾ വളരുന്നത് മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിലൂടെയും അവർ കേൾക്കുന്ന വാക്കുകളിലൂടെയുമാണ്. വാക്കുകൾക്ക് കുട്ടികളുടെ മനസിൽ മുറിവുകളുണ്ടാക്കാനും, അതല്ലെങ്കിൽ അവരെ നേർവഴിക്ക് നയിക്കാനും കഴിയും. എന്ത് പ്രതിസന്ധി വന്നാലും തങ്ങൾ സുരക്ഷിതരാണെന്നും, തങ്ങളെ കേൾക്കാനും സ്നേഹിക്കാനും ആളുണ്ടെന്നും കുട്ടികൾക്ക് തോന്നണം. അതിന് മാതാപിതാക്കൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് വലിയ സ്വാധീനമുണ്ട്.





