മണിയൂർ പോക്സോ കേസ്; അന്വേഷണത്തിൽ വീഴ്ച, രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
പയ്യോളി: മണിയൂർ പോക്സോ കേസിൽ രണ്ട് പോലിസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തുടക്കത്തിൽ കേസന്വേഷിച്ച അന്നത്തെ പയ്യോളി പോലിസ് സ്റ്റേഷനിലെ സിഐ ബാബു മോൻ, സിവിൽ പോലിസ് ഓഫീസർ അബ്ദുൾ ഹമീദ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. അന്വേഷണത്തിൽ ഗുരുതര വീഴ്ചവരുത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം.
ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി വടകര ചങ്ങരോത്ത് റഫീഖ് ഇപ്പോൾ ഒളിവിലാണ്. ക്ടോബര് 24നാണ് കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റഫീഖിന്റെ ജാമ്യം റദ്ദ് ചെയ്തത്. രാവിലെ മുതല്‍ ഉച്ച വരെ കോടതിയില്‍ ഉണ്ടായിരുന്ന ഇയാളെ ദേഹാസ്വസത്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ഇവിടെ നിന്നാണ് ഇയാള്‍ മുങ്ങിയത്.
പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി സ്റ്റേ വിധിച്ചതില്‍ പ്രതിഷേധിച്ച് എസ്.പി ഓഫീസിലേയ്ക്ക് മണിയൂര്‍ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മാർച്ച് നടത്തിയിരുന്നു. സ്ത്രീകളും വയോധികരും ഉള്‍പ്പെടെ നിരവധി ആളുകളാണ് എസ്.പി ഓഫീസിലേയ്ക്ക് പ്രതിഷേധിക്കാനായി എത്തിയത്. 2026 ജനുവരി 16-ന് പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ജൂലൈ 24-ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും, പിന്നീട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നിന്ന് ജാമ്യം നേടി സെപ്റ്റംബര്‍ 29-ന് ഇയാള്‍ നാട്ടിലെത്തി.
പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭം തുടങ്ങിയതോടെയാണ് കൊയിലാണ്ടി സി.ഐ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കിയ വിധി വന്നയുടന്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസിനെ വെട്ടിച്ച് പ്രതി കടന്നുകളഞ്ഞത്.





