വിശ്വാസിയെന്ന വ്യാജേന പള്ളികളിൽ മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: വിശ്വാസിയെന്ന വ്യാജേന പള്ളികളിലെത്തി മോഷണം നടത്തിവന്ന കേസിൽ പ്രതി പോലീസിന്റെ പിടിയിലായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ മസ്ജിദുകളിൽ കവർച്ച നടത്തിവന്ന കോഴിക്കോട് നീലേശ്വരം സ്വദേശി അബ്ദുൽ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ഇൻവെർട്ടർ ബാറ്ററികളാണ് ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച ബൈക്കിലാണ് ഇയാൾ ഓരോ പള്ളികളിലുമെത്തിയിരുന്നത്. പള്ളികളിൽ ആളൊഴിയുന്ന സമയം കൃത്യമായി മനസ്സിലാക്കി അകത്തുകയറി ഇൻവെർട്ടർ ബാറ്ററികൾ കടത്തുകയായിരുന്നു രീതി.
വിവിധ പള്ളികളിൽ മോഷണം തുടർച്ചയായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വ്യാജ ബോർഡുവെച്ച ബൈക്ക് തിരിച്ചറിയുകയും പ്രതിയെ വലയിലാക്കുകയും ചെയ്തത്.





