മാസപ്പടിക്കേസ്: വിവാദമായ റെഡ്ബുക്കിൽ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാട് രേഖകൾ, ഹവാല ഇടപാട് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി
കൊച്ചി: മാസപ്പടി കേസിൽ മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് വിവാദമായ ‘റെഡ് ബുക്കി’ൽ ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളാണെന്നും, ഹവാല ഇടപാടുകൾ നടത്തിയതായി വീണ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. ദുബൈയിലുള്ള വി.പി ഫൈജാസിന് പണം അയച്ചതിന്റെ വിവരങ്ങളും, ‘റെഡ് ബുക്കി’ൽ ഇതിന്റെ കണക്കുകൾ രേഖപ്പെടുത്തിയത് വീണയാണെന്നുമുള്ള വിശദാംശങ്ങളാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിൽ പറയുന്നത്. റെഡ് ബുക്കിലെ ചില താളുകളുടെ പകർപ്പുകളും കണക്കുകളും സഹിതമാണ് ഇ ഡി ഡിജിപിക്ക് കത്ത് നൽകിയത്. ചോദ്യം ചെയ്യലിൽ ഉയർന്നുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ, വിദേശത്തേക്ക് പണം കൈമാറിയ കാര്യം വീണ സമ്മതിച്ചതായും ഇഡി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഹവാല വഴി പണം കടത്തിയതിലും വിദേശത്ത് നിക്ഷേപം നടത്തിയതിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഇഡി സംസ്ഥാന പൊലീസിന് കത്തുനൽകിയിരിക്കുന്നത്. വീണയ്ക്ക് സ്വന്തമായി പ്രത്യേക വരുമാനമില്ലാതിരുന്ന കാലയളവിൽ നടന്ന ഇടപാടുകളാണിതെന്നും, ഈ തുക മുഴുവൻ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. പൊലീസ് കേസിനായി കാത്തുനിൽക്കാതെ ഹവാല, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ പ്രകാരം ഇഡി തന്നെ നേരിട്ട് കേസ് എടുക്കാനുള്ള നീക്കത്തിലാണ്. കേസിൽ സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും ചോദ്യം ചെയ്ത ശേഷം തുടർനടപടികളിലേക്ക് കടക്കും.





