മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; റിപ്പോർട്ടർ ടി വി ആന്റോ അഗസ്റ്റിനെതിരെ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ പരാതി നല്‍കി കെപിസിസി വക്താവ് രാജു പി. നായര്‍. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വി.ഡി സതീശനെതിരായ ഗൂഢാലോചനയില്‍ സമഗ്രമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് രാജു പി. നായര്‍ ആവശ്യപ്പെട്ടു. തന്റെ കയ്യില്‍ രണ്ട് യുവാക്കള്‍ ഏല്‍പ്പിച്ചുവെന്ന് ആന്റോ അഗസ്റ്റിന്‍ അവകാശപ്പെടുന്ന മുഖ്യമന്ത്രിക്കെതിരായ രേഖകള്‍ പിടിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ബൈന്ദൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. നിലവില്‍ രാജു പി. നായരുടെ പരാതിയില്‍ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം ലഭിച്ചതായാണ് സൂചന.





