കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകൻ തകർത്ത കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

കൊല്ലം: കൊല്ലത്ത് കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്. എസ്എഫ്ഐക്കാർ കോടിയേരിയുടെ ഫ്ലക്സ് തകർത്തതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നീക്കം. പിന്നാലെ കോടിയേരിക്ക് ലാൽ സലാമെന്ന് അഭിവാദ്യം വിളിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്‍റെ ഭാഗമായി കൊല്ലം ചിന്നക്കടയിലേക്ക് പ്രകടനമായെത്തിയതായിരുന്നു എസ്എഫ്ഐ സംഘം. ഇതിനിടെയാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിനത്തോടനുബന്ധിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സ് എസ്എഫ്ഐ പ്രവർത്തകൻ യാതൊരു മടിയും കൂടാതെ വലിച്ചുകീറി നശിപ്പിച്ചത്. സ്വന്തം പാർട്ടിയുടെ സമുന്നത നേതാവിന്‍റെ ഫ്ലക്സ് തന്നെ പ്രവർത്തകൻ തകർത്തത് ശ്രദ്ധയിൽ പെട്ടയുടൻ കൂടെയുണ്ടായിരുന്ന മറ്റ് എസ്എഫ്ഐ നേതാക്കൾ ഇയാളെ പിടിച്ചുമാറ്റുകയും, പിന്നീട് ആ ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു. അതേസമയം, ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകനത്തിൽ എത്തിയെന്ന് പരിശോധിക്കുമെന്നും പാർട്ടിയുടെ യാതൊരു ഘടത്തിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും ജില്ലാ കമ്മിറ്റി വിശദീകരിക്കുകയുണ്ടായി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.




