റേഷൻ വാങ്ങാൻ ഇനി ക്യൂ വേണ്ട; 24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ അന്നപൂർത്തി ഗ്രെയിൻ എടിഎം
തിരുവനന്തപുരം: റേഷൻ കടകളിലെ നീണ്ട ക്യൂ ഒഴിവാക്കി ഭക്ഷ്യധാന്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ സാങ്കേതിക സംവിധാനവുമായി
ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎം മാതൃകയിൽ പ്രവർത്തിക്കുന്ന ‘അന്നപൂർത്തി ഗ്രെയിൻ എടിഎം’ വഴി ഗുണഭോക്താക്കൾക്ക് റേഷൻ വിഹിതം കൈപ്പറ്റാം.
പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നടപ്പാക്കുന്നത്.
24 മണിക്കൂറും റേഷൻ സേവനം ലഭ്യമാക്കുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. റേഷൻ വിതരണം കൂടുതൽ സുതാര്യവും
സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പ്.
പ്രവർത്തനം എങ്ങനെ?
റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ചാണ് യന്ത്രത്തിൽ നിന്ന് ധാന്യങ്ങൾ ശേഖരിക്കേണ്ടത്. വിവരങ്ങൾ
കൃത്യമാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അഞ്ച് മിനിറ്റിനുള്ളിൽ ഏകദേശം 50 കിലോ വരെ ധാന്യം നൽകാൻ ഈ എടിഎം യന്ത്രത്തിന് കഴിയും.
സമയലാഭത്തിനൊപ്പം കൃത്യമായ അളവിൽ ധാന്യം ലഭിക്കാനും ഇതിലൂടെ സാധിക്കും.





