രാവിലെ ഉണരുമ്പോള്‍ വായ വരണ്ടുപോകുന്നുണ്ടോ? ; നിസ്സാരമാക്കരുത്!


രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വായ വരണ്ടുപോകുന്നത് പലരിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ശരീരത്തില്‍ ജലാംശം കുറയുമ്പോഴോ (Dehydration) അല്ലെങ്കില്‍ പരിഭ്രമം അനുഭവപ്പെടുമ്പോഴോ വായ അപൂര്‍വ്വമായി വരണ്ടതായി അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.
എന്നാല്‍ ഇത് സ്ഥിരമായി ഉണ്ടാകുന്നത് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാം.

വായ വരണ്ടുപോകാന്‍ കാരണമെന്താണ്?

വായിലെ ഉമിനീര്‍ ഗ്രന്ഥികള്‍ ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കാത്തപ്പോഴാണ് വായ വരണ്ടുപോകുന്നത്. വൈദ്യശാസ്ത്രത്തില്‍ ഇത് ‘സെറോസ്റ്റോമിയ’ (Xerostomia) എന്നറിയപ്പെടുന്നു. ‘വായ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും ഭക്ഷണം ചവച്ചരയ്ക്കാനും വിഴുങ്ങാനും ദഹനത്തിനും ഉമിനീര്‍ സഹായിക്കുന്നു. കൂടാതെ, വായില്‍ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാനും പല്ലിലെ ഇനാമല്‍ നശിച്ചുപോകുന്നത് തടയാനും ഇത് സഹായിക്കുന്നു.

വായ വരണ്ടുപോകുന്നത് ഒരു വിട്ടുമാറാത്ത പ്രശ്‌നമാണെങ്കില്‍, രോഗികള്‍ക്ക് വായില്‍ ഒട്ടിപ്പിടിക്കുന്ന തരം വരള്‍ച്ച, സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും പ്രയാസം, ദുര്‍ഗന്ധം, പല്ല്ക്ഷയം, ചുണ്ടുകള്‍ വരണ്ടുപോകല്‍, അമിതമായ ദാഹം, നാക്കില്‍ വെളുത്ത നിറം അല്ലെങ്കില്‍ പരുപരുപ്പ് എന്നിവ അനുഭവപ്പെടാം. വായ വരണ്ടുപോകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നിര്‍ജ്ജലീകരണമാണ്, എന്നാല്‍ ഇതുകൂടാതെ മറ്റ് പല കാരണങ്ങളുമുണ്ട്:

  • വായ തുറന്നു ശ്വസിക്കുന്നത്: മൂക്കിലെ തടസ്സം, വിട്ടുമാറാത്ത സൈനസൈറ്റിസ്, മൂക്കിന്റെ പാലത്തിനുള്ള വളവ് (Deviated nasal septum), സ്ലീപ് അപ്നിയ (Sleep apnoea), കൂടാതെ CPAP മെഷീന്‍ ഉപയോഗിക്കുമ്പോള്‍ കാറ്റ് പുറത്തുപോകുന്നത് എന്നിവ കാരണം വായ തുറന്നു ശ്വസിക്കുന്നത് വായ വരണ്ടുപോകാന്‍ ഇടയാക്കും.
  • മരുന്നുകള്‍: ആന്റിഹിസ്റ്റാമൈനുകള്‍ (Antihistamines), വിഷാദരോഗത്തിനുള്ള മരുന്നുകള്‍ (Antidepressants), ഡൈയൂററ്റിക്സ് (Diuretics) തുടങ്ങി നിരവധി മരുന്നുകള്‍ വായ വരണ്ടുപോകാന്‍ കാരണമാകും.
  • ശീലങ്ങള്‍: ഉറങ്ങുന്നതിന് മുന്‍പുള്ള മദ്യപാനം, പുകയില ഉപയോഗം, കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം.
  • അന്തരീക്ഷം: മുറിക്കുള്ളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നത് മുറിയിലെ ഈര്‍പ്പം കുറയ്ക്കുന്നു, ഇത് മൂക്ക്, വായ, തൊണ്ട എന്നിവ വരണ്ടുപോകാന്‍ കാരണമാകാം.
  • ചില രോഗങ്ങള്‍: പ്രമേഹം (Diabetes Mellitus).
  • ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍: കണ്ണിലും വായിലും വരള്‍ച്ചയുണ്ടാക്കുന്ന ഷോഗ്രെന്‍സ് സിന്‍ഡ്രോം (Sjögren’s syndrome) പോലുള്ള രോഗങ്ങള്‍.
  • അര്‍ബുദ ചികിത്സ: കാന്‍സര്‍ ചികിത്സയിലുള്ള രോഗികള്‍, പ്രത്യേകിച്ച്‌ തലയിലും കഴുത്തിലും റേഡിയോതെറാപ്പി എടുക്കുന്നവര്‍.

വായ വരണ്ടുപോകുന്നത് എങ്ങനെ തടയാം?

ആവശ്യത്തിന് വെള്ളം കുടിക്കുക, മൂക്കിലെ തടസ്സം മാറ്റാനുള്ള ഡീകൊഞ്ചസ്റ്റന്റുകള്‍ ഉപയോഗിക്കുക, ഉറങ്ങുന്ന സമയത്തിന് അടുപ്പിച്ച്‌ മദ്യവും കഫീനും ഒഴിവാക്കുക, മുറിയില്‍ വായു വരണ്ടതാണെങ്കില്‍ ഹ്യുമിഡിഫയര്‍ (Humidifier) ഉപയോഗിക്കുക, പുകയില ഒഴിവാക്കുക എന്നീ ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ വായ വരണ്ടുപോകുന്നത് കുറയ്ക്കാന്‍ സാധിക്കും. കൃത്യമായ കാരണം കണ്ടെത്താനും അതനുസരിച്ച്‌ ചികിത്സിക്കാനും ഒരു ഡയബറ്റോളജിസ്റ്റിനെയോ ദന്തഡോക്ടറെയോ ജനറല്‍ ഫിസിഷ്യനെയോ സന്ദര്‍ശിക്കുന്നത് സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button