വാഹനങ്ങളുടെ അമിത വേഗത; വെറുതെ കാമറ വെച്ചതുകൊണ്ട് മാത്രമായില്ല, നിയമലംഘനങ്ങൾക്കെതിരെ ഉടൻ നടപടിക്കും കഴിയണം: ഹൈകോടതി
കൊച്ചി: അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ കാമറയിൽ കണ്ടെത്തിയാലും ഉടൻ നടപടി സ്വീകരിക്കാൻ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് ഹൈകോടതി. വെറുതെ കാമറ വെച്ചതുകൊണ്ട് മാത്രമായില്ല. അതിൽ റിപ്പോർട്ട് ചെയ്യുന്ന നിയമലംഘനങ്ങൾക്കെതിരെ ഉടൻ നടപടിക്കും കഴിയണം. കുറ്റകൃത്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആവശ്യമായ സംവിധാനങ്ങളൊരുക്കാൻ റോഡ് സേഫ്റ്റി ഫണ്ടിൽ മതിയായ തുകയുണ്ട്. അമിതവേഗം കണ്ടെത്തി റിപ്പോർട്ട് ചെയ്ത എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ സർക്കാറിനടക്കം ജസ്റ്റിസ് വി. രാജ വിജയ രാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അടുത്ത തവണ കേസെടുക്കുമ്പോൾ ഗതാഗത കമീഷണർ ഓൺലൈൻ മുഖേന ഹാജരാകണമെന്നും കോടതി നിർദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേ നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ ജീവൻ കവർന്ന കേസ് പരാമർശിച്ചാണ് കോടതിയുടെ ഇടപെടൽ. അപകടമുണ്ടാക്കിയ ചെറുപ്പക്കാരൻ മുമ്പ് 240 കിലോമീറ്റർ വേഗത്തിൽ വരെ വാഹനം ഓടിച്ചിട്ടുണ്ട്. അന്നിത് കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. 80 കിലോമീറ്ററിലധികം വേഗത്തിൽ പോകരുതെന്ന, രാത്രിയിൽ കാണാൻ കഴിയുന്ന ബോർഡ് ദേശീയപാതയിൽ എവിടെയങ്കിലും ഉണ്ടോ? രാത്രി 12 കഴിഞ്ഞാൽ സൂപ്പർ കാറുമായി ചെറുപ്പക്കാർ കൊച്ചി നഗരത്തിലടക്കം റോഡുകളിലൂടെ പായുകയാണ്. ആറു സെക്കൻഡിനകം അവ 100 കിലോമീറ്റർ വേഗത്തിലെത്തും. സൂപ്പർ ബൈക്കുകൾക്കാണെങ്കിൽ മൂന്ന് സെക്കൻഡ് മതി. 100 കിലോമീറ്റർ വേഗത്തിൽ പായുന്ന കാർ ബ്രേക്കിട്ടാൽ 100 മീറ്ററോളം മുന്നോട്ടുപോയിട്ടേ നിൽക്കൂ. ഇതൊന്നും നിയന്ത്രിക്കാൻ നിലവിലെ സംവിധാനത്തിനാവുന്നില്ല. അമിതവേഗം നിയന്ത്രിക്കുന്ന കാര്യത്തിൽ ഹൈകോടതിയുടെ വിവിധ ബെഞ്ചുകൾ ഒട്ടേറെ ഉത്തരവുകൾ പാസാക്കിയിട്ടും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ല. 23ൽ താഴെ പ്രായമുള്ളവർക്ക് മദ്യം കൊടുക്കരുതെന്നാണ് നിയമമെങ്കിലും ഒന്നിലേറെ ബാറുകളിൽനിന്ന് മദ്യം കഴിച്ചിറങ്ങിയ 18കാരനാണ് നെടുമ്പാശ്ശേരിയിൽ അപകടമുണ്ടാക്കിയത്. തമിഴ്നാട്ടിലെ റോഡുകളിൽ കൃത്യമായി ലൈൻ മാർക്കിങ് ഉണ്ട്. എന്നാൽ, ഇവിടെ മൂന്നാർ പാതയിൽ മാത്രമാണ് ലൈൻ മാർക്കിങ് കണ്ടത്. വേഗത്തിൽ ഓടിക്കാവുന്നതും അല്ലാത്തതുമായ റോഡിലെ ലൈനുകളെ കുറിച്ച് ഡ്രൈവർമാർക്ക് അറിയില്ല. സ്വകാര്യ ബസുകൾക്കടക്കം ലൈൻ തെറ്റിച്ച് ഓടിക്കാൻ അനുമതിയില്ല. യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനെക്കാൾ കൂടുതൽ പേരാണ് വാഹനാപകടത്തിൽ മരിക്കുന്നത്. വാഹനാപകടത്തിൽ ഉറ്റവർ മരിക്കുമ്പോഴേ ഇതിന്റെ വേദന അറിയൂ. റോഡരികിൽ തടസ്സമായി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾ മാറ്റണം. ഹൈവേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് വ്യക്തമാക്കിയ കോടതി ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.





