ഇനി അജ്ഞാത കോളുകളില്ല; നവംബർ ഒന്ന് മുതൽ കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: നവംബർ ഒന്ന് മുതൽ എല്ലാ ഇൻകമിങ് കോളുകളിലും നമ്പറിനൊപ്പം പേരും ഫോണിൽ കാണിക്കും. കോളിങ് നെയിം പ്രെസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകി. ഇതുപ്രകാരം നിങ്ങളുടെ ഫോണിലേക്ക് ആര് വിളിച്ചാലും നമ്പറിനൊപ്പം പേരും കൂടി ഇനി കാണിക്കും. വിളിക്കുന്നയാളുടെ നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ സേവ് ചെയ്തിട്ടുള്ള പേരായിരിക്കും സ്ക്രീനിൽ കാണിക്കുക. എന്നാൽ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽ, ആ നമ്പർ എടുക്കുമ്പോൾ ലഭിച്ച സിം കാർഡ് രേഖകളിലുള്ള ഔദ്യോഗിക പേര് സ്ക്രീനിൽ കാണിക്കും. വിദേശത്തു നിന്നുള്ള കോളുകളാണെങ്കിൽ പേരിന് പകരം ഇന്റർനാഷനൽ കോൾ എന്ന് മാത്രം കാണിക്കും.ഏതൊക്കെ നെറ്റ്‌വർക്കുകളിൽ ഈ സേവനം ലഭ്യമാകും?എയർടെൽ, ജിയോ, വോഡഫോൺ, ഐഡിയ തുടങ്ങിയ പ്രധാന ടെലികോം സേവന ദാതാക്കൾ വയർലെസ് നെറ്റ്‌വർക്കുകളിലാണ് ആദ്യഘട്ടത്തിൽ വരുക. 4G, 5G എന്നീ ഹൈ-ജനറേഷൻ വയർലെസ് നെറ്റ്‌വർക്കുകളിലാണ് നിലവിൽ ഈ സേവനം ലഭിക്കുക. പിന്നീട് 2G, 3G, ലാൻഡ്‌ലൈൻ നെറ്റ്‌വർക്കുകളിലേക്ക് ഇത് പരി​ഗണിക്കും.ഇതിനായി ഓരോ ടെലികോം സേവനദാതാക്കളും തങ്ങളുടെ വരിക്കാരുടെ പേരും ഫോൺ നമ്പറും മാപ്പ് ചെയ്യുന്ന ഡാറ്റാബേസ് തയാറാക്കി സൂക്ഷിക്കും. കോൾ വരുമ്പോൾ നിങ്ങളുടെ ടെലികോം കമ്പനി ഈ ഡാറ്റാബേസിൽ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര് കണ്ടെത്തി നിങ്ങളുടെ ഫോൺ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കാരണം സുരക്ഷയ്ക്കായി സെക്യൂരിറ്റി ബൈ ഡിസൈൻ മാതൃക പിന്തുടരാൻ ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതായത്, കോൾ കട്ട് ചെയ്ത ഉടൻ തന്നെ കണ്ടെത്തിയ പേര് നെറ്റ്‌വർക്കിൽ നിന്ന് നീക്കം ചെയ്യണം, ഇത് ഓപ്പറേറ്റർമാർ സൂക്ഷിച്ചുവെക്കാൻ പാടില്ലെന്നർഥം. കോളർ ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ സൗകര്യം ഉപയോഗിക്കുന്ന വരിക്കാരുടെ പേരുകൾ കാണിക്കില്ല. ഇതോടെ ഇനി ട്രൂകോളർ ആപ്പിന്റെ ആവശ്യം വരികയില്ല. 2024 ഫെബ്രുവരി 23ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ശിപാർശകളെ തുടർന്നാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button