ഫാറ്റി ലിവർ ഉള്ളവർക്ക് കോഴിമുട്ട കഴിക്കാമോ?; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം…
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കോഴിമുട്ട. മുട്ടയെ നമ്മുക്ക് ഒരു സൂപ്പർ ഫുഡായിട്ട് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. കഴിക്കുന്നത് പതിവാക്കിയാൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജസ്വലരായി ഇരിക്കാം. പലരുടേയും പ്രഭാതഭക്ഷണം കൂടിയാണ് ഈ പ്രോട്ടീൻ റിച്ച് ഫുഡ്. എന്നാൽ ഫാറ്റി ലിവർ ഉള്ളവർ പതിവായി മുട്ട കഴിക്കുന്നത് നല്ലതാണോ?മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നതിൽ സംശയമില്ല, അതിനാൽ തന്നെ ഒന്ന് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് വയർ നിറഞ്ഞ ഫീൽ കിട്ടും. രാവിലെ രണ്ട് മുട്ട കഴിച്ചാൽ പിന്നീട് വിശപ്പ് കുറയുമെന്നും അന്നേദിവസം കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നുമാണ് ഇന്റർനാഷണൽ ജേർണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച 2019ലെ പഠനത്തിൽ പറയുന്നുണ്ട്. കരളിന്റെ സാധാരണ പ്രവർത്തനത്തിനും കൊഴുപ്പ് ദഹനത്തിനും ആവശ്യമായ കോളിൻ എന്ന പോഷകത്തിന്റെ മികച്ച ഉറവിടം കൂടിയാണ് മുട്ട.എങ്കിലും ഫാറ്റി ലിവറുള്ളവർ മുട്ട കഴിക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അതായത്, മുട്ട കഴിക്കുകയാണെങ്കിൽ കൂടെ തവിടു കളയാത്ത ധാന്യങ്ങൾ കൊണ്ടുള്ള ടോസ്റ്റ്, പച്ചക്കറികൾ, അവക്കാഡോ എന്നിവ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ ബേക്കൺ, സോസേജ്, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ അല്ലെങ്കിൽ മറ്റ് പ്രൊസസ്ഡ് ഫുഡുകൾ എന്നിവയ്ക്കൊപ്പമാണ് പതിവായി മുട്ട കഴിക്കുന്നത് എങ്കിൽ ഇത് ഒട്ടും ആരോഗ്യകരമല്ല എന്നതും ഓർത്തിരിക്കണം. കാരണം ഇത്തരം ഭക്ഷണങ്ങൾ വഴി ശരീരത്തിൽ കൊഴുപ്പും കലോറിയും വർധിക്കാൻ കാരണമായേക്കാം. (ശ്രദ്ധിക്കുക: ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ സംശയങ്ങൾക്ക് എപ്പോഴും അംഗീകൃത ട്രെയിനറുടെയോ ഡോക്ടറുടെയോ ഉപദേശം തേടുക.)





