സൈബർ പോലീസിന്റെ പേരിൽ പെൺകുട്ടിയെ കുരുക്കി നഗ്നവീഡിയോ വാങ്ങി മുങ്ങിയ പ്രതി പിടിയിൽ
സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന പരിചയപ്പെടുത്തി വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ അയപ്പിച്ച കേസിൽ പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം തെക്കുംഭാഗം ചവറ സൗത്ത് മടച്ചാമ്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സിനെ (38) ആണ് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരി ലൈംഗികവീഡിയോകൾ സ്ഥിരമായി കാണുന്നയാളാണെന്നും സൈബർ സെല്ലിന്റെ കർശന നിരീക്ഷണത്തിലാണെന്നും പറഞ്ഞാണ് പ്രതി വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടത്. തുടർന്ന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, സൈബർ സെല്ലിന്റെ കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് 2026 ഫെബ്രുവരി മാസത്തിൽ വാട്സ്ആപ്പ് വീഡിയോ കോളുകൾ വഴി പരാതിക്കാരിയെക്കൊണ്ട് നഗ്നവീഡിയോകൾ നിർബന്ധിച്ച് അയപ്പിച്ചു വാങ്ങുകയുമായിരുന്നു.
സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതി ലിജോ ജർമനിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കെണിയൊരുക്കി അറസ്റ്റ് ചെയ്തത്. റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്പെക്ടർ ആൽബി തോമസ് വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു വാസു, മനുദേവ്, ഡ്രൈവർ അനന്ദുമോൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.





