ലോക ഗുസ്തിയിൽ ചരിത്രം കുറിച്ച് മനീഷ; ഇന്ത്യക്ക് ആദ്യ വനിതാ സ്വർണം
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം മനീഷ ഭൻവാല. വനിതകളുടെ 59 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ അബിഗെയ്ൽ നെറ്റെയെ 8-6ന് പരാജയപ്പെടുത്തിയാണ് മനീഷ ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഇതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടവും 29കാരിക്ക് സ്വന്തമായി.ഫൈനലിൽ തുടക്കത്തിൽ 6-0ന് പിന്നിലായ മനീഷ, രണ്ടാം പകുതിയിൽ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അമേരിക്കൻ താരത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് ടേക്ക്ഡൗണിലൂടെയും ഗട്ട് റെഞ്ചിലൂടെയും പോയിന്റുകൾ നേടി സ്കോർ 6-6ലെത്തിച്ചു. പിന്നാലെ രണ്ട് പോയിന്റുകൾ കൂടി സ്വന്തമാക്കി 8-6ന് മുന്നിലെത്തിയ മനീഷ, അവസാന 27 സെക്കൻഡും ലീഡ് നിലനിർത്തി വിജയം ഉറപ്പിച്ചു.പ്രീക്വാർട്ടറിൽ കാനഡയുടെ ലോറൻസ് ബ്യൂറഗാർഡിനെയും ക്വാർട്ടറിൽ മംഗോളിയയുടെ ബൊലോർതുയ ഖുറെൽഖുവിനെയും സെമിയിൽ കസാഖിസ്ഥാന്റെ അൽറ്റിൻ ഷഗയേവയെയും തോൽപ്പിച്ചാണ് മനീഷ ഫൈനലിലെത്തിയത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഗുസ്തി താരമായി മനീഷ. 2010ൽ സുശീൽ കുമാറാണ് ഇതിനുമുമ്പ് ഇന്ത്യക്കായി സ്വർണം നേടിയത്.





