ക്ലിക്കായി വിനി – കുന്യ കോംബോ ; ഹെയ്തിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം,

ഫിലാഡെൽഫിയ : മത്യാസ് കുന്യ, വിനീഷ്യസ് ജൂനിയർ എന്നിവരുടെ കരുത്തിൽ ഹെയ്തിയെ തരിപ്പണമാക്കി ബ്രസീൽ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് കാനറികളുടെ ജയം. മത്യാസ് കുന്യ ഇരട്ട ഗോൾ നേടിയപ്പോൾ വിനീഷ്യസ് ടീമിന്റെ മൂന്നാം ഗോൾ നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ റാഫീന്യയുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ ഇരുപത്തിമൂന്നാം മിനുട്ടിൽ കുന്യ ടീമിന് നിർണായക ലീഡ് നേടിക്കൊടുത്തു. ഇടത് വിങ്ങിലൂടെ മുന്നേറിയ വിനി ഗോൾ പോസ്റ്റിലേക്ക് ഷോട്ടെടുത്തെങ്കിലും ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടഞ്ഞിട്ടു, തന്നിലേക്ക് വന്ന റീബൗണ്ടിനെ കുന്യ അനായാസം വലയിലേക്ക് തട്ടിയിട്ടു. മുപ്പത്തിയാറാം മിനുട്ടിൽ ഒരിക്കൽ കൂടി വിനി – കുന്യ കോംബോ അവതരിച്ചു. ഇടത് വിങ്ങിലൂടെ വിനി തുടങ്ങിയൊരു മുന്നേറ്റത്തിനൊടുവിൽ കുന്യ ഒരിക്കൽ കൂടി ലക്ഷ്യം കണ്ടു. ഇടവേള വിസിലിന് തൊട്ട് മുമ്പ് ലൂക്കസ് പക്വേറ്റയുടെ അസിസ്റ്റിലാണ് വിനിയുടെ ഗോൾ. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ എൻഡ്രിക്ക് വലകുലുക്കിയെങ്കിലും വീണ്ടും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു.ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ ജയം നൽകുന്ന ഊർജം ചെറുതല്ല. നിലവിൽ നാല് പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ഗോൾ വ്യത്യാസത്തിൽ മൊറോക്കോ രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റുമായി സ്കോട്ട്ലൻഡ് മൂന്നമാതിരിക്കുമ്പോൾ രണ്ടിൽ രണ്ടും തോറ്റ ഹെയ്തി ഏതാണ്ട് പുറത്തായി . ജൂൺ 25ന് സ്കോട്ടലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം.ആദ്യ പകുതിയിൽ പരിക്കേറ്റ് മടങ്ങിയ റഫീന്യ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button