പന്ത്രണ്ടുകാരിയായ മകൾക്ക് ഫോൺ വാങ്ങിനൽകി; 21-കാരനായ കാമുകനെ പിതാവ് കുത്തിക്കൊന്നു
പെരമ്പല്ലൂർ: 12 വയസുകാരിയായ മകൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകിയ 21-കാരനായ കാമുകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിലെ വെൺബാവൂർ ഗ്രാമവാസിയായ എസ്. അഭിമന്യു (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ബാലസുബ്രഹ്മണ്യത്തെ (50) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പെരമ്പല്ലൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ എം.സി.എ. (MCA) വിദ്യാർഥിയായിരുന്നു അഭിമന്യു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളുമായുള്ള പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് സുബ്രഹ്മണ്യം നേരത്തെ അഭിമന്യുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. മകളോടും ഇയാൾ ഇതിനെക്കുറിച്ച് സംസാരിക്കുകയും വിലക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ താക്കീതുകൾ അവഗണിച്ച് അഭിമന്യു പ്രണയം തുടരുകയായിരുന്നു. അടുത്തിടെ പെൺകുട്ടിക്ക് ഒരു ഫോൺ വാങ്ങി നൽകിയ യുവാവ് അവളുമായി സ്ഥിരമായി സംസാരിക്കുകയും ചെയ്തു. വിവരമറിഞ്ഞ സുബ്രഹ്മണ്യം ഞായറാഴ്ച രാത്രി അഭിമന്യുവിന്റെ വീട്ടിലെത്തി ഇത് ചോദ്യം ചെയ്യുകയായിരുന്നു. തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തതോടെ, പരിസരത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് സുബ്രഹ്മണ്യം അഭിമന്യുവിനെ അടിച്ചുവീഴ്ത്തി. തുടർന്ന് നിലത്തുവീണ യുവാവിന്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. അഭിമന്യു സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം സുബ്രഹ്മണ്യം അവിടെനിന്നും കടന്നുകളഞ്ഞു. വിവരമറിഞ്ഞെത്തിയ കൈക്കലത്തൂർ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് തിരച്ചിൽ ഊർജിതമാക്കിയ പോലീസ് വൈകാതെ തന്നെ സുബ്രഹ്മണ്യത്തെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.





