തുടർച്ചയായ അവഗണന; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഷമി
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം റിട്ടയർമെന്റ് അറിയിച്ചത്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് 36 കാരൻ അവസാനമായി റെഡ്ബോൾ ക്രിക്കറ്റിൽ കളത്തിലിറങ്ങിയത്. അതേസമയം, ഏകദിന, ടി20 മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. ‘ഞാൻ വൈറ്റ് ജേഴ്സി അഴിച്ചുവെക്കുന്നു, പക്ഷേ അതിലെ ഓർമ്മകളെയല്ല.. ഞാൻ ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞപ്പോൾ എനിക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ – രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക. അതിനുശേഷമുള്ള ഓരോ വിക്കറ്റും, ഓരോ പോരാട്ടവും, പരിക്കിന് ശേഷമുള്ള തിരിച്ചു വരവും എനിക്ക് എന്തെങ്കിലും പാഠങ്ങൾ തന്നു. ടെസ്റ്റ് ക്രിക്കറ്റ് എന്നെ സംബന്ധിച്ച് വെറുമൊരു ഫോർമാറ്റല്ല, ജീവിതത്തിലെ വളരെ സുപ്രധാനമായ ഒന്നാണ്’ – ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഷമിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ച എല്ലാ സഹതാരങ്ങൾക്കും കോച്ചിനും, കുടുംബത്തിനും ആരാധകർക്കും ഷമി നന്ദി പറഞ്ഞു. ഇന്ത്യക്കായി 64 മത്സരങ്ങളിൽ നിന്നായി 229 വിക്കറ്റുകളാണ് നേടിയത്. നിലവിൽ ബംഗാളിനായി രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പേസർ, സീസണിൽ ഇതുവരെ 14 വിക്കറ്റുകൾ നേടിയിട്ടുണ്ട്. നവംബർ 14-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള 19 അംഗ ബംഗാൾ ടീമിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.





