റോഡ്രിഗോ ഡി പോൾ: ലയണൽ മെസ്സിയുടെ നിഴൽമനുഷ്യൻ

ഫുട്ബോൾ വ്യാകരണത്തിൽ ലയണൽ മെസ്സി ഒരു ‘കർത്താവ്’ ആണെങ്കിൽ, റോഡ്രിഗോ ഡി പോൾ ആ കർത്താവിനെ മൈതാനത്ത് ചലിപ്പിക്കുന്ന ‘ക്രിയ’യാണ്. പച്ചപ്പുല്ലിൽ മെസ്സിയെ മാത്രം നോക്കിനിൽക്കുന്നത് ഒരു ആത്മീയമായ അനുഭൂതിയാണ്; എന്നാൽ ആ അനുഭൂതി പൂർണമാകണമെങ്കിൽ നിങ്ങളുടെ കണ്ണുകൾ ഡി പോളിലൂടെയും സഞ്ചരിക്കണം. അവർ മൈതാനത്ത് എപ്പോഴും പരസ്പരം പന്തുകൾ കൈമാറുന്നവരോ ഒന്നിച്ച് മുന്നേറുന്നവരോ അല്ല. പക്ഷേ, നിങ്ങൾ ഡി പോളിനെ കാണാതിരുന്നാൽ, മെസ്സിയുടെ മാന്ത്രികതയുടെ ഒരു വലിയ ഭാഗമാണ് നിങ്ങൾ കാണാതെ പോകുന്നത്. മെസ്സി മൈതാനത്ത് നടക്കുമ്പോൾ ഉണ്ടാകുന്ന ശൂന്യതകൾ നികത്തുന്നത് ഈ മനുഷ്യനാണ്. മെസ്സി ഓടാത്ത ദൂരങ്ങൾ അയാൾക്കായി ഓടിത്തീർക്കുന്നത്, മെസ്സിക്ക് വേണ്ടി എതിരാളികളെ പ്രസ് ചെയ്യുന്നത്, എല്ലാം ഈ റോഡ്രിഗോ ഡി പോളാണ്. ഒരു ശരാശരി ഫുട്ബോൾ മത്സരത്തിൽ മെസ്സി നടന്നും കുറഞ്ഞ വേഗത്തിലുമായി പിന്നിടുന്നത് ഏഴ് കിലോമീറ്ററോളമാണെങ്കിൽ, ഡി പോൾ ഓടിത്തീർക്കുന്നത് പതിനൊന്ന് കിലോമീറ്ററാണ്. മെസ്സിക്ക് വേണ്ടി ഒരാൾ അധികമായി മൈതാനത്ത് അധ്വാനിക്കുന്നുണ്ട് എന്ന് സാരം. ബ്യൂണസ് ഐറീസിലെ സരണ്ടി എന്ന ചെറിയ ക്ലബ്ബിൽ ഗോളിയായി കരിയർ ആരംഭിച്ച ആ പഴയ കുട്ടിയുടെ ചോരയിലുള്ള പ്രതിരോധത്തിന്റെ വീര്യമാണ് ഇന്ന് അർജന്റീനയുടെ മധ്യനിരയുടെ നട്ടെല്ല്.മെസ്സിക്ക് നേരെ ഒരു ഫൗൾ നടന്നാൽ റഫറിയോട് കയർക്കാൻ ആദ്യം ഓടിയെത്തുന്നത് ഡി പോളായിരിക്കും. മെസ്സിയെ വീഴ്ത്തിയ എതിരാളിയുടെ മുഖം മനസിൽ കുറിച്ച് വെച്ച്, തക്കസമയത്ത് അവനൊരു ‘മറുപടി ടാക്കിൾ’ നൽകാൻ കാത്തിരിക്കുന്ന അംഗരക്ഷകൻ. അർജന്റീനിയൻ മാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയ വിശേഷണം വെറുതെയല്ല, ‘ദി ബോഡിഗാർഡ്’. മെസ്സിയുടെ പ്രതികാരങ്ങൾ ഡി പോളിന്റെ കൂടി പ്രതികാരങ്ങളാണ്. പട്ടുനൂൽ പോലെയുള്ള മെസ്സിയുടെ മാന്ത്രികതയ്ക്ക് മൈതാനത്ത് തിളക്കം നൽകുന്ന പിന്നിലെ ഉരുക്കാണ് അദ്ദേഹം.ഫുട്ബോളിലെ ഡിഫൻസീവ് മിഡ്‌ഫീൽഡർമാർ പൊതുവെ ഗോളടിക്കാരെപ്പോലെ ആഘോഷിക്കപ്പെടാത്തവരാണ്. ഡി പോൾ ഒരിക്കൽ തന്നെക്കുറിച്ച് തന്നെ വളരെ വിനീതമായി പറഞ്ഞതിങ്ങനെയാണ്: ‘രണ്ട് മികച്ച മിഡ്‌ഫീൽഡർമാർ ഒപ്പമുള്ളപ്പോൾ മാത്രം നന്നായി കളിക്കാൻ കഴിയുന്ന ഒരു സാധാരണക്കാരനാണ് ഞാൻ’. തന്നെത്തന്നെ ഒരു ‘സ്‌പെയർ ടയർ’ എന്ന് വിളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. എന്നാൽ സഹതാരങ്ങൾക്ക് ഡി പോൾ ടീമിന്റെ ‘എഞ്ചിൻ’ ആണ്.ചാവി ഹെർണാണ്ടസും ആന്ദ്രേ ഇനിയേസ്റ്റയും ബാഴ്‌സലോണയിൽ മെസ്സിക്ക് എന്തായിരുന്നുവോ, അതുതന്നെയാണ് കരിയറിന്റെ സായാഹ്നത്തിൽ നിൽക്കുന്ന മെസ്സിക്ക് ഡി പോൾ. അതുകൊണ്ടാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി മെസ്സിക്ക് കളിക്കാൻ പാകത്തിൽ മറ്റൊരു പ്ലേമേക്കറെ പരീക്ഷിച്ച് വളർത്തിയെടുക്കാൻ നിൽക്കാതെ ഡി പോളിനെ നേരിട്ട് കൂടാരത്തിലെത്തിച്ചത്. ഒരേസമയം രണ്ട് മനുഷ്യരുടെ ജോലി ചെയ്യുക എന്ന ഫുട്ബോളിലെ ഏറ്റവും കഠിനമായ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. മെസ്സിക്ക് ശ്വസിക്കാൻ വേണ്ടി, ഡി പോൾ മൈതാനത്ത് ശ്വാസം മുട്ടുന്നു.മെസ്സിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഡി പോൾ നൽകിയ മറുപടി ഒരു മനോഹരമായ ഉപമയായിരുന്നു. തെക്കേ അമേരിക്കയിലെ പ്രശസ്തമായ ‘ട്രൂക്കോ’ ചീട്ടുകളിയോട് അദ്ദേഹം അതിനെ ഉപമിച്ചു: ‘മെസ്സിക്കൊപ്പം കളിക്കുക എന്നത്, കയ്യിൽ എപ്പോഴും ‘എയ്സ് ഓഫ് സ്പേഡ്സ്’ (ചീട്ടുകളിലെ ഏറ്റവും മൂല്യമുള്ള കാർഡ്) വെച്ചുകൊണ്ട് ട്രൂക്കോ കളിക്കുന്നത് പോലെയാണ്. ആ കാർഡ് നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പുള്ളപ്പോൾ നിങ്ങൾ എത്ര ആത്മവിശ്വാസത്തോടെയും ശാന്തതയോടെയുമായിരിക്കും കളിക്കുക! അതാണ് മെസ്സി എനിക്ക് നൽകുന്ന ഉറപ്പ്.’മൈതാനത്തിന് പുറത്തെ ഇവരുടെ സൗഹൃദം മൈതാനത്തിന് അകത്തേക്കും കൃത്യമായി പരിഭാഷപ്പെടുത്തപ്പെടുന്നുണ്ട്. പരസ്പരം ഒന്ന് കണ്ണുകൊണ്ട് കാണുമ്പോൾ തന്നെ അടുത്ത നീക്കം എന്താണെന്ന് തിരിച്ചറിയാൻ പാകത്തിൽ ആ ബന്ധം പാകപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഫുട്ബോൾ ചരിത്രം ലയണൽ മെസ്സിയെ സുവർണലിപികളിൽ എഴുതിവെക്കുമ്പോൾ, ആ വരികൾക്ക് താഴെ റോഡ്രിഗോ ഡി പോൾ എന്ന പേര് ഒരു ‘അടിവരയായി’ എന്നും അവശേഷിക്കുന്നത്. കാരണം, കർത്താവില്ലാതെ ക്രിയയ്ക്ക് അർഥമില്ല; ക്രിയയില്ലാതെ കർത്താവിന് പൂർണതയുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button