മഹാരാഷ്ട്രയിൽ 18 കാരനായ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു; ബിജെപി നേതാവ് അറസ്റ്റിൽ
മുംബൈ: പെൺകുട്ടിയെ ശല്യം ചെയ്‌തെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ 18 വയസ്സുള്ള കോളജ് വിദ്യാർഥിയെ ആക്രമിസംഘം തല്ലിക്കൊന്നു. സംഭവത്തിൽ മുൻ തുൽജാപൂർ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റും ബിജെപി നേതാവുമായ സന്തോഷ് ദേവിദാസ് കദം ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുൽജാഭവാനി മഹാവിദ്യാലയത്തിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയായ സമീർ ജബ്ബാർ പട്ടേലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സമീറിന്റെ ബന്ധുവായ അർബാസ് അഫ്‌സർ സയ്യിദിനും ഗുരുതരമായി പരിക്കേറ്റു.നവംബർ മൂന്നിനാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നവംബർ പത്തിന് സമീറിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. സന്തോഷ് കദത്തിന് പുറമെ സഞ്ജയ് വിലാസ് ജാദവ് എന്നയാളെയും തുൽജാപൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും കോടതി ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ധാരാശിവ് ജില്ലാ പൊലീസ് സൂപ്രണ്ട് റിതു ഖോക്കർ കല്യാൺ വ്യക്തമാക്കി.നേരത്തെയും ഭീഷണിയുണ്ടായെന്ന് കുടുംബംസന്തോഷ് കദത്തിന്റെ ഭാര്യാസഹോദരന്റെ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് മൂന്നുമാസം മുമ്പും സമീറിനും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായിരുന്നതായി മാതാവ് നൽകിയ പരാതിയിൽ പറയുന്നു. അന്ന് കദത്തിന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി സമീറിനെ മർദിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സമീർ കോളജിൽ പോകുന്നത് നിർത്തി ഒരു ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു.നവംബർ മൂന്നിന് പരീക്ഷ എഴുതി ഇറങ്ങിയ അമ്മാവനെ കൂട്ടിക്കൊണ്ടുവരാൻ പോയ സമീറിനെ സംഘം സന്തോഷ് കദത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കൾ സ്ഥലത്തെത്തുമ്പോൾ സമീറിനെ കദവും സംഘവും ചേർന്ന് ക്രൂരമായി മർദിക്കുന്നതാണ് കണ്ടത്. മകനെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം, സമീറിനെ ബലമായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. സമീറിന്റെ മാതാവിന്റെ ഫോൺ പിടിച്ചുവാങ്ങിയ സംഘത്തിലെ പ്രണവ് ദേവ്കത്തെ എന്നയാൾ കുടുംബത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായും പരാതിയിലുണ്ട്.തുടർന്ന് ഭാരതീബുവ മഠത്തിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സമീറിനെ കണ്ടെത്തിയത്. മുളവടികളും ബെൽറ്റുകളും ഉപയോഗിച്ച് ക്രൂരമായി മർദനമേറ്റ നിലയിലായിരുന്നു സമീർ. തുൽജാപൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.ബന്ധുവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചുതുൽജാപൂരിലെ ചായക്കടയിൽ ഇരിക്കുകയായിരുന്ന സമീറിന്റെ ബന്ധു അർബാസിനെയും മൂന്നംഗ സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി കൃഷിയിടത്തിൽ വെച്ച് മർദിക്കുകയായിരുന്നു. വടികളും ബെൽറ്റുകളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം ക്രൂരമായി മർദിച്ചെന്നും പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ കവർന്നെന്നും അർബാസ് പറഞ്ഞു. പിന്നീട് സമീറിനെയും ഇതേ കൃഷിയിടത്തിലേക്ക് എത്തിച്ച് മർദിച്ചതായി അർബാസ് വ്യക്തമാക്കി. ഗുരുതര പരിക്കുകളോടെ വീട്ടിലെത്തിയ അർബാസാണ് സമീർ മഠത്തിന് സമീപം കിടക്കുന്ന വിവരം കുടുംബത്തെ അറിയിച്ചത്.ശക്തമായ നടപടി വേണമെന്ന് എഐഎംഐഎംസംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് എഐഎംഐഎം ജില്ലാ നേതൃത്വം രംഗത്തെത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് ഷഹബാസ് ഖാസി, മുനിസിപ്പൽ പ്രതിനിധി അൻവർ മുജാവർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സമീറെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും എഐഎംഐഎം ആവശ്യപ്പെട്ടു.





