രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്തുപോകേണ്ടി വരുന്ന ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദി;കെ.സി വേണുഗോപാൽ
കോഴിക്കോട്: 2029ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വോട്ട് ക്രമക്കേടുകൾക്കെതിരായ പോരാട്ടം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള സമരം മാത്രമല്ലെന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബീച്ചിൽ കോൺഗ്രസിന്റെ ‘ദേശ് ബച്ചാവോ’ മഹാറാലിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യം കൈവരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക മാത്രമല്ല, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക കൂടിയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അരലക്ഷത്തോളം പേർ പങ്കെടുത്തതായാണ് സംഘാടകരുടെ കണക്ക്. രാജ്യത്ത് നടക്കുന്ന സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എതിരെയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾ ഇരുവർക്കും സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അപമാനിതനായി പുറത്തുപോകേണ്ടി വരുന്ന പ്രധാനമന്ത്രിയായിരിക്കും നരേന്ദ്ര മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളും മറ്റ് പ്രതിപക്ഷ പാർട്ടികളും നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ മഹാറാലി സംഘടിപ്പിച്ചത്.





