ടൂറിസ്റ്റ് ബസിന് പിന്നാലെ KSRTC-ലേക്ക് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും; സൂപ്പർ ഫാസ്റ്റായി ഓടാൻ ആദ്യ ബസ്
സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുത്ത് കെ.എസ്.ആർ.ടി.സിക്കായി ദീർഘദൂര സർവീസ് നടത്തുന്ന വെറ്റ് ലീസ് സംവിധാനം ഓണക്കാലത്താണ് കേരള സർക്കാർ ആരംഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഈ സംവിധാനത്തിന്റെ ഭാഗമായി അഞ്ച് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നിരവധി കോൺട്രാക്ട് ക്യാരേജ് ബസുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കായി സർവീസ് നടത്തുന്നുണ്ട്.
ഇതിന് സമാനമായി കെ.എസ്.ആർ.ടി.സിയുടെ വെറ്റ് ലീസ് സംവിധാനത്തിലേക്ക് സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളും എത്തിത്തുടങ്ങിയതായാണ് റിപ്പോർട്ട്. കൊടുങ്ങല്ലൂർ-തൃശ്ശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ആര്യൻ എന്ന സ്വകാര്യ ബസാണ് ഈ സംവിധാനത്തിൽ സർവീസ് നടത്താൻ ആദ്യമായെത്തിയ വാഹനമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും കുറിപ്പുകളുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ വെറ്റ് ലീസ് സംവിധാനത്തിലേക്ക് മാറുന്ന ആദ്യ സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസ് എന്ന ഖ്യാതി ഈ വാഹനത്തിനാണെന്നാണ് വിവരങ്ങൾ. ടൂറിസ്റ്റ് ബസുകൾക്ക് സമാനമായി ബസിന്റെ മുന്നിലെ ഗ്ലാസിൽ കേരളാ സ്റ്റേറ്റ് ആർ.ടി.സി. എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. താഴെയായി സൂപ്പർ ഫാസ്റ്റ് എന്നും എഴുതിയിരിക്കുന്നത് കാണാം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരമനുസരിച്ച് ടി.എൽ-31 ആയായിരിക്കും ഈ ബസ് സർവീസ് നടത്തുക.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ ചർച്ചയിൽ സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകയ്ക്ക് (വെറ്റ് ലീസ്) എടുക്കുമെന്നും ഡ്രൈവറെ ബസ് ഉടമകളും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയും നൽകുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നും ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസുകൾ എത്തിത്തുടങ്ങിയതെന്നാണ് വിലയിരുത്തൽ





