ട്രെയിൻ ടിക്കറ്റ് കൺഫേം ആണെങ്കിലും പിഴ വീഴും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ
ഡൽഹി: സ്ഥിരീകരിച്ച ടിക്കറ്റുകൾ ഉണ്ടെങ്കിൽ ട്രെയിൻ യാത്രയിൽ ഒന്നും പേടിക്കാനില്ലെന്നാണ് ഭൂരിഭാഗം യാത്രക്കാരും കരുതുന്നത്. എന്നാൽ റെയിൽവെയിലെ ചില നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. ട്രെയിൻ യാത്രക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു നിയമമാണിത്. വിമാനങ്ങളിലേതുപോലെ ട്രെയിൻ യാത്രയിലും ഓരോ ക്ലാസിനും സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് നിശ്ചിത ഭാരപരിധിയുണ്ട്.നിശ്ചിത പരിധിക്ക് പുറത്താണെങ്കിൽ ലഗേജ് കൊണ്ടുപോകുന്നതിനായി അധികതുക നൽകണം. അധിക ലഗേജ് ഉണ്ടെങ്കിൽ എന്തുചെയ്യണം?ഫസ്റ്റ് ക്ലാസ് എസിയോ തേര്‍ഡ് എസിയോ ഏതുമാകട്ടെ ഏത് ക്ലാസിൽ യാത്ര ചെയ്താലും അനുവദനീയമായ പരിധിയിൽ കൂടുതൽ ലഗേജ് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിങ്ങൾ റെയിൽവെ ലഗേജ് ഓഫീസ് സന്ദര്‍ശിക്കണം.ലഗേജ് ഓഫീസിൽ കൃത്യമായ നിരക്ക് അടച്ച് അധിക ലഗേജ് ബുക്ക് ചെയ്യാം. യാത്രയ്ക്ക് തൊട്ടുമുൻപ് അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ ഇത് നേരത്തെ തന്നെ ചെയ്യുന്നതാണ് നല്ലത്.ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാതെ യാത്ര ചെയ്യുകയും പരിശോധനയിൽ പിടിയിലാകുകയും ചെയ്താൽ, അധികമുള്ള ഭാരത്തിന് സാധാരണ നിരക്കിന്റെ 6 ഇരട്ടി വരെ പിഴ അടയ്ക്കേണ്ടിവരും.വ്യത്യസ്ത റെയിൽവേ ക്ലാസുകളിലെ ലഗേജ് പരിധികൾ എത്രയാണ്?റെയിൽവെ നിയമങ്ങൾ പ്രകാരം ഏത് ക്ലാസിലെയും യാത്രക്കാർക്ക് ഒരു നിശ്ചിത പരിധിയിലുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുണ്ട്. എന്നാൽ പരിധിക്ക് പുറത്താണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുക തന്നെ വേണം.സ്ലീപ്പർ ക്ലാസിലും തേർഡ് എസിയിലും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. സെക്കൻഡ് എസിക്ക് പരിധി 50 കിലോയും ഫസ്റ്റ് എസി യാത്രക്കാർക്ക് 70 കിലോ വരെയും അനുവദനീയമാണ്.എന്നാൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അമിതമായ ലഗേജ് കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പ്രായമായവരുമായോ കുട്ടികളുമായോ യാത്ര ചെയ്യുകയാണെങ്കിൽ, ട്രെയിൻ യാത്രകളിൽ പലപ്പോഴും വലിയ തിരക്കിനെ അഭിമുഖീകരിക്കേണ്ടി വരുന്നതിനാൽ, കുറഞ്ഞ ലഗേജുകൾ മാത്രം ഉപയോഗിച്ച് യാത്ര ചെയ്യുക. നിങ്ങൾക്ക് സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നത്ര ലഗേജ് മാത്രം കൊണ്ടുപോകുക. അവശ്യവസ്തുക്കളോ വലിയ ലഗേജുകളോ ഉണ്ടെങ്കിൽ, പാഴ്സൽ സർവീസ് വഴി അവ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.





