കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ബൈക്ക് അപകടത്തിൽപ്പെട്ട് നവ വധുവിന് ദാരുണാന്ത്യം
ബംഗളൂരു: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാഹനാപകടത്തിൽപ്പെട്ട് നവവധുവിന് ദാരുണാന്ത്യം. വിവാഹത്തിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകുന്നതിനിടെയാണ് നവവധുവായ സിന്ധുശ്രീയും (29) അമ്മാവന്റെ മകളായ വിദ്യയും (19) അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച മൈസൂരു റോഡിൽ ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷന് സമീപമായിരുന്നു നാടിനെ നടുക്കിയ ദാരുണസംഭവം. സോഫ്റ്റ്വെയർ എൻജിനീയറാണ് സിന്ധുശ്രീ. നവംബർ 16നായിരുന്നു സിന്ധുശ്രീയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിൽ കണ്ട് ക്ഷണിക്കാനായി പോകവെ അമിതവേഗതയിലെത്തിയ ഒരു ലോറി ഇവരുടെ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒളിവിൽ കഴിയുന്ന ഡ്രൈവറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





