കൊടും ക്രൂരത! കാറിടിച്ച് വീണ ഭിക്ഷാടകനെ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; കാറിനടിയിൽ മനുഷ്യനുണ്ടെന്നറിഞ്ഞിട്ടും വാഹനം നിർത്തിയില്ല
കൊല്ലം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരത. കരുനാഗപ്പള്ളിയിൽ ഭിക്ഷാടകൻ കാറിടിച്ച് മരിച്ച സംഭവത്തിലാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അപകടത്തിൽപ്പെട്ട ഭിക്ഷാടകനെ കാറിനടിയിൽ കുടുങ്ങിയ നിലയിൽ ഏകദേശം രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയെന്നാണ് റിപ്പോർട്ട്.
കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. ദേശീയപാതയിൽ വെച്ചാണ് ഭിക്ഷാടകൻ കാറിടിച്ച് അപകടത്തിൽപ്പെട്ടത്. എന്നാൽ കാറിനടിയിൽ മനുഷ്യനുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടുപോയെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം അപകടത്തിൽപ്പെട്ടയാളെ ബൈറോഡിൽ ഉപേക്ഷിച്ച് കാറുമായി ഡ്രൈവർ കടന്നുകളഞ്ഞു.
കടത്തൂർ സ്വദേശി ഷാജഹാനാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഒരു അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കേണ്ടതിന് പകരം, കാറിനടിയിൽ മനുഷ്യനുണ്ടെന്നറിഞ്ഞിട്ടും വാഹനം നിർത്താതെ പോകുക! മനുഷ്യജീവന് ഇത്രയേറെ വിലകുറഞ്ഞോ?
മനുഷ്യത്വം മരവിച്ചുപോകുന്ന ഇത്തരം കാഴ്ചകൾ സമൂഹത്തിന്റെ മനഃസാക്ഷിക്കു മുന്നിൽ ഉയർത്തുന്നത് വലിയ ചോദ്യങ്ങളാണ്.





