സാഫ് ചാമ്പ്യൻഷിപ്പ് ; ഭൂട്ടാനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
ധാക്ക : 2026 സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ സെമി ഫൈനൽ വിജയം. ഇന്ത്യക്കായി മലയാളി താരം വിഷ്ണു പിവി, ചിൻഗ്ലെൻസെന കോൻഷം എന്നിവർ ഗോൾ നേടി. കിങ്സാങ് താഷി തോബ്ദെൻ ഭൂട്ടാനായി ആശ്വാസ ഗോൾ നേടി. ബംഗ്ലാദേശ് – പാകിസ്താൻ സെമി ഫൈനലിലെ വിജയികളെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക. ഇന്ന് രാത്രി 8 മണിക്കാണ് രണ്ടാം സെമി ഫൈനൽ നടക്കുക.ഗ്രൂപ്പ് ബിയിൽ പാകിസ്താനെ വീഴ്ത്തി (3-2) തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ മാൽദീവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ജേതാവായി കൊണ്ടാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. നിലവിലെ സാഫ് ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിർത്താനുറച്ചാണ് ഫൈനലിനൊരുങ്ങുന്നത്. നവംബർ 17നാണ് ഫൈനൽ മത്സരം.





