ചാല സ്വര്‍ണക്കവര്‍ച്ച; മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ തട്ടിപ്പ് കേസും
തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ മാളവിക ജ്വല്ലറി ഉടമ ജയറാമിന് കൂടുതല്‍ കുരുക്ക്. ജയറാമിനെതിരെ പൊലീസ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ജയറാമിനുള്ള പങ്കില്‍ കൂടുതല്‍ തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു. സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ചതിന് 40ഓളം പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചത്. പരാതി ഉയരുമ്പോള്‍ പണം നല്കി കേസില്‍ നിന്ന് ഒഴിവാകുന്നതായിരുന്നു ജയറാമിന്റെ പതിവ്. മൂന്നുപേരില്‍ നിന്നായി 19.5 ലക്ഷം രൂപയാണ് ജയറാം തട്ടിയെടുത്തത്. പത്മ, ദിവ്യ, കൃഷ്ണകുമാര്‍ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേരില്‍ നിന്ന് 31 പവന് സ്വര്‍ണവും ജയറാം കൈക്കലാക്കി. 35 ലക്ഷം രൂപ രൂപ വാഗ്ദാനം ചെയ്തെങ്കിലും 15.5 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. പലതവണ ആവശ്യപ്പെട്ടിട്ടും ബാക്കി തുക നല്കാന് ജയറാം തയ്യാറായില്ല. ജയറാമിന് പുറമെ മകനും ജ്വല്ലറിയിലെ സ്റ്റാഫുകളും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം ചാല സ്വര്‍ണക്കവര്‍ച്ചയില്‍ നഷ്മായ 146 പവന് സ്വര്‍ണം കൂടി കണ്ടെത്തി. വെള്ളായണിയിലെ ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണം. കേസില്‍ അറസ്റ്റിലായ അനൂപാണ് സ്വര്‍ണം കുഴിച്ചിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ജ്വല്ലറി ഉടമ നന്ദകുമാർ പറഞ്ഞതനുസരിച്ച് 2 കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിനായി വെള്ളായണി ഭാഗത്ത് നടത്തിയ തെളിവെടുപ്പിലാണ് കുഴിച്ചിട്ട നിലയിൽ കൂടുതൽ സ്വർണം കണ്ടെത്തിയത്. വെള്ളായണിയിൽ നിന്ന് 146 പവൻ സ്വർണമാണ് കണ്ടെടുത്തിരിക്കുന്നത്. നേരത്തെ വയനാട്ടിൽ നിന്ന് 56 പവൻ കണ്ടെടുത്തിരുന്നു. ഇതോടെ 202 പവൻ സ്വർണം കണ്ടെത്താൻ പൊലീസിന് സാധിച്ചു. ജയറാം ആണ് ഈ സ്വർണക്കവർച്ചയുടെ മുഖ്യ സൂത്രധാരൻ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നന്ദകുമാർ എന്നയാളുടെ കച്ചവടം തകർക്കാൻ ജയറാം 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതിൽ 4 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.





