പയ്യോളിയിൽ നിയന്ത്രണം വിട്ട കാർ അടിപ്പാതയുടെ കുഴിയിലേക്ക് മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്
പയ്യോളി: അടിപ്പാതയ്ക്കായെടുത്ത കുഴിയിൽ നിയന്ത്രണം വിട്ട കാർ വീണ് അപകടം രണ്ടു പേർക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽപെട്ടത്.പ്രമോദ് (48), ഭാര്യ പ്രമിഷ (36) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് 3.45 ഓടെയാണ് സംഭവം.
അയനിക്കാട് അയ്യപ്പഭജനമഠത്തിന് സമീപം പുതിയതായി അനുവദിച്ച അടിപ്പാതയുടെ കുഴിയിലാണ് കാർ പതിച്ചത്. വടകര ഭാഗത്തേക്കുള്ള സർവീസ് റോഡിനോട് ചേർന്ന് രണ്ട് മീറ്ററോളം ആഴത്തിലെടുത്ത കുഴിയിലാണ് കാർ വീണത്.
കാറിലുണ്ടായിരുന്ന ദമ്പതികളെ ഉടൻ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് തിരിച്ച് കണ്ണൂരിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. പ്രമിഷയുടെ പരുക്ക് സാരമുള്ളതാണെന്ന് അറിയുന്നു. നേരത്തേ, ഇവിടെയുണ്ടായിരുന്ന സംരക്ഷണഭിത്തി തകർക്കുകയും വലിയ കുഴിയെടുക്കുകയും ചെയ്തെങ്കിലും അപകട സൂചന സൂചന നൽകുന്ന ബോർഡുകളോ, ഡിവൈഡറുകളോ യാതൊന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത് കരാർ കമ്പനിയുടെ ഗുരുതര സുരക്ഷ വീഴ്ചയായാണ് വിലയിരുത്തുന്നത്.





