കറിവേപ്പില ഫ്രിഡ്ജിൽ വെച്ചിട്ടും പെട്ടെന്ന് കറുത്തുപോകുന്നുണ്ടോ? മാസങ്ങളോളം ഫ്രഷായി ഇരിക്കാൻ ഇതാ പൊടിക്കൈകൾ
കറികൾ, ചമ്മന്തി ഏതുമായിക്കോട്ടെ രുചിയും മണവും നൽകാൻ കറിവേപ്പില മുമ്പൻ തന്നെയാണ്. കറിവേപ്പില ഇട്ടില്ലെങ്കിൽ കറിയുടെ രുചി പൂർണമാകില്ലെന്ന് പോലും കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, കറിവേപ്പില വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദിവസങ്ങൾക്കകം കറുത്ത് പാചകത്തിനായി ഉപയോഗിക്കാൻ പറ്റാത്തവണ്ണമാകുന്നത് അടുക്കളയിലെ ഒരു പ്രശ്നമാണ്. എന്നാൽ അടുക്കളയിലെ ചില ചെറിയ പൊടിക്കൈകളിലൂടെ കറിവേപ്പിലയുടെ പുതുമയും മണവും രുചിയും കുറേക്കാലം നമ്മുക്ക് സൂക്ഷിക്കാവുന്നതാണ്.എന്തുകൊണ്ടാണ് കറിവേപ്പില കറുത്തുപോകുന്നത്?കറിവേപ്പില പെട്ടെന്ന് കേടാകാനുള്ള പ്രധാന കാരണം അതിലടങ്ങിയിരിക്കുന്ന ഈർപ്പമാണ്. നനവോടെ ഇലകൾ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും ദിവസങ്ങൾക്കുള്ളിൽ അവയിൽ കറുത്ത പാടുകൾ വീഴുകയും അഴുകിത്തുടങ്ങാനും കാരണമാകും. കൂടാതെ, ഫ്രിഡ്ജിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങളും ഇതിന് കാരണമാകുന്നുണ്ട്.എങ്ങനെ കേടാകാതെ സൂക്ഷിക്കാം?1. ചെറുതായി ചൂടാക്കി സൂക്ഷിക്കാംകറിവേപ്പിലയിലെ ഈർപ്പം നീക്കിയാൽ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം. ഇതിനായി ആദ്യം കറിവേപ്പില നന്നായി കഴുകിയ ശേഷം വൃത്തിയുള്ള ഒരു കിച്ചൺ ടവൽ ഉപയോഗിച്ച് നനവ് പൂർണമായും ഒപ്പിയെടുക്കാം. ഉണങ്ങിയ ശേഷം, ഇവ ഒരു എയർ ഫ്രയറിലോ മൈക്രോവേവിലോ ഒന്നോ രണ്ടോ മിനിറ്റ് വെച്ച് ചെറുതായി മൊരിച്ചെടുക്കുക (അമിതമായി കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം). ഇനി ഇവ രണ്ടും നിങ്ങളുടെ വീട്ടിലില്ലെങ്കിൽ ഒരു നോൺ-സ്റ്റിക് പാനിൽ ഇട്ട് ചെറുതീയിൽ ചൂടാക്കിയാലും മതിയാകും. ഇലകൾ നന്നായി തണുത്ത ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലാക്കി സൂക്ഷിക്കാം. ഇതുവഴി ഈർപ്പം തങ്ങിനിൽക്കുന്നത് തടഞ്ഞ് കറിവേപ്പില കൂടുതൽ കാലം ഉപയോഗിക്കാൻ സഹായിക്കും.2. ഐസ് ക്യൂബുകളാക്കി ഫ്രീസറിൽ സൂക്ഷിക്കാംആഴ്ചകളോളമോ മാസങ്ങളോളമോ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കണമെങ്കിൽ ഈ രീതി നിങ്ങൾക്ക് ഉപയോഗിക്കാം. ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതാണ് ഈ രീതി. തണ്ടിൽ നിന്ന് ഇലകൾ അടർത്തിയെടുത്ത് നന്നായി കഴുകി ഉണക്കുക. ശേഷം ഒരു ഐസ് ക്യൂബ് ട്രേയുടെ ഓരോ കള്ളിയിലും കുറച്ച് കറിവേപ്പില വീതം വെച്ച ശേഷം ഇലകൾ മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക. ഇത് ഫ്രീസറിൽ വെച്ച് നന്നായി കട്ടയാകുന്നത് വരെ തണുപ്പിക്കുക. ഐസ് ക്യൂബുകൾ തയാറായിക്കഴിഞ്ഞാൽ അവ ട്രേയിൽ നിന്ന് മാറ്റി ഒരു സിപ്-ലോക്ക് ബാഗിലാക്കി ഫ്രീസറിൽ തന്നെ സൂക്ഷിക്കാം. കറികൾക്ക് താളിക്കാനോ പാചകത്തിനോ ആവശ്യമുള്ളപ്പോൾ ഓരോ ക്യൂബ് വീതം പുറത്തെടുത്ത് ചെറുചൂടുവെള്ളത്തിൽ ഇട്ട് ഐസ് അലിയിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.ഈ കാര്യങ്ങൾ ശ്രദ്ധിക്കാംകറിവേപ്പില സൂക്ഷിക്കുമ്പോൾ എല്ലാഴ്പ്പോഴും അവ പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതുപോലെ, വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നത് കറിവേപ്പിലയുടെ സ്വാഭാവിക മണം നിലനിർത്താനും ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളുടെ ഗന്ധം ഇതിലേക്ക് പടരുന്നത് തടയാനും സഹായിക്കും.





