മാടാക്കര സ്വദേശി നൗഷാദിന്റെ പയ്യോളിയിലെ വീട്ടിലും ഇ.ഡി റെയ്ഡ്
പയ്യോളി: കൊയിലാണ്ടി മാടാക്കര സ്വദേശി നൗഷാദിന്റെ പയ്യോളിയിലെ വീട്ടിലും ഇ.ഡി റെയ്ഡ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇ.ഡി സംഘം പയ്യോളി ആവിക്കലിലെ മാവിളിച്ചിക്കണ്ടി നൗഷാദിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. സി.ആര്.പി.എഫ് ഭടന്മാരുടെ സുരക്ഷയിലാണ് പരിശോധന.
മാടാക്കരയില തറവാട് വീട്ടില്‍ നടത്തിയ പരിശോധനയുടെ തുടര്‍നടപടിയെന്നോണമാണ് പയ്യോളിയിലും പരിശോധന തുടരുന്നത്. മൂന്ന് വര്‍ഷം പ്രവാസ ജീവിതം നയിച്ച നൗഷാദ് ഒമ്പത് മാസം മുമ്പാണ് നാട്ടിലെത്തിയത്.
എന്നാല്‍ ഇ.ഡി അന്വേഷിച്ചുവന്നത് തന്നെയല്ലെന്നും അഡ്രസ് മാറിയതാണെന്നുമാണ് കൊയിലാണ്ടിയിലെ റെയ്ഡിന് പിന്നാലെ മാധ്യമങ്ങളോട് നൗഷാദ് പറഞ്ഞത്. ‘എന്റെ പേര് വടക്കേപ്പുറത്ത് നൗഷാദ് എന്നാണ്. ഇ.ഡി അന്വേഷിച്ചു വന്നത് വളപ്പില്‍ നൗഷാദിനെ ആണ്. മാതാപിതാക്കളുടെ പേരും വ്യത്യാസമാണ്. മാന്യമായ രീതിയിലാണ് ഇ.ഡി പെരുമാറിയത്. ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, കൊയിലാണ്ടിയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ ഇ.ഡി സംഘം നൗഷാദുമായി പയ്യോളിയിലേക്കെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് പയ്യോളിയിലെ വീട്ടിലും റെയ്ഡ് തുടങ്ങിയത്.





