തിരുവനന്തപുരത്ത് ഭാര്യയോട് സംസാരിച്ച അയല്‍വാസിയെ വെട്ടിക്കൊല്ലാൻ ശ്രമം, യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിന്റെ പേരില്‍ അയല്‍വാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെട്ടുകാട് സ്വദേശിയായ ജോസ് അലോഷ്യസാണ് അയല്‍വാസി ഗോഡ്ഫ്രിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി വെട്ടുകാട് പള്ളിക്ക് സമീപത്തെ കടല്‍ത്തീരത്തായിരുന്നു സംഭവം.ഗോഡ്ഫ്രിയും ജോസിന്റെ ഭാര്യയും തമ്മില്‍ സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കടല്‍ത്തീരത്ത് നില്‍ക്കുകയായിരുന്ന ഗോഡ്ഫ്രിക്ക് നേരെ ജോസ് വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഗോഡ്ഫ്രിയെ പിന്തുടർന്നും വെട്ടാൻ ശ്രമിച്ചു. സംഭവസ്ഥലത്തെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ കൈയില്‍ കിട്ടിയ മണല്‍ ഇയാളുടെ മുഖത്തേക്ക് വാരിയെറിഞ്ഞു. കണ്ണില്‍ മണല്‍ വീണ് കാഴ്ച മങ്ങിയതോടെ നാട്ടുകാർ ചേർന്ന് ജോസിനെ കീഴ്പ്പെടുത്തുകയായിരുന്നു.





