കൈമുട്ടുകൊണ്ട് കുത്തി കഴുത്തിന് പരിക്കേൽപ്പിച്ചു; ആറാം ക്ലാസുകാരനെ മർദിച്ച് ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: മാഹിയിൽ ആറാം ക്ലാസ് വിദ്യാർഥിയെ മർദിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. പന്തക്കൽ ഐ.കെ കുമാരൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ജെയിംസ് ജോസഫ് ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് നിന്നാണ് മാഹി പൊലീസ് പിടികൂടിയത്.ഈ മാസം 11നാണ് വിദ്യാർഥിക്ക് മർദനം ഏൽക്കുന്നത്. തുടർന്ന് ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ കഴുത്തിൽ നീര് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ശേഷം എന്താണ് സംഭവിച്ചതെന്ന് കുട്ടിയോട് ആരാഞ്ഞപ്പോഴാണ് മർദനമേറ്റ കാര്യം വെളിപ്പെടുത്തിയത്. അധ്യാപകൻ കൈമുട്ടുകൊണ്ട് കുത്തി കഴുത്തിന് പരിക്കേൽപ്പിച്ചു എന്നായിരുന്നു കുട്ടി മറുപടി. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.നേരത്തെയും അധ്യാപകൻ ഇത്തരത്തിൽ തന്നെ മർദിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ അങ്ങനെ മർദിച്ചിട്ടില്ലെന്നായിരുന്നു അധ്യാപകൻ ജെയിംസ് ജോസഫിൻ്റെ വാദം. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി.





