നെയ്യ് കൊളസ്ട്രോൾ കൂട്ടുമോ? പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മിഥ്യകളിലെ സത്യാവസ്ഥ എന്ത് ?
ഇന്ത്യൻ ആഹാരക്രമത്തിലെ ഒരുക്കാലത്തെ അവിഭാജ്യ ഘടകമായിരുന്നു നെയ്യ് എന്നാൽ, പിന്നീട് നെയ്യ് ആരോഗ്യത്തിന് ദോഷകരമാണെന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ ഉയർന്നുവന്നു.ഇതിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പാണ് (Saturated fat) നെയ്യിനെ സംശയത്തിൻ്റെ നിഴലിലാക്കിയത്. സംസ്കരിച്ച കൊഴുപ്പുകൾക്കൊപ്പം ചേർത്തുവെച്ച് കണ്ടിരുന്നതിനാൽ, കൊളസ്ട്രോളിനെയും ഹൃദയാരോഗ്യത്തെയും കുറിച്ച് ആശങ്കയുള്ളവർ നെയ്യിനെ അകറ്റിനിർത്തിയിരുന്നു. എന്നാൽ, നെയ്യിനെക്കുറിച്ചുള്ള യാഥാർത്ഥ്യം നാം കരുതുന്നത്ര ഭയാനകമല്ലെന്നും, കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമാണെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നെയ്യും കൊളസ്ട്രോളും: മിഥ്യാധാരണയുടെ തുടക്കം 1950-കളിൽ അവതരിപ്പിക്കപ്പെട്ട ‘ഡയറ്റ്-ഹാർട്ട് ഹൈപ്പോതീസീസ്’ (Diet-heart hypothesis) എന്ന സിദ്ധാന്തത്തിൽ നിന്നാണ് നെയ്യിനെക്കുറിച്ചുള്ള ഭയത്തിൻ്റെ തുടക്കം. കൊഴുപ്പിൻ്റെ ഉപയോഗം ഉയർന്ന കൊളസ്ട്രോളിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നായിരുന്നു അക്കാലത്തെ പ്രാഥമിക പഠനങ്ങൾ പറഞ്ഞത്. എന്നാൽ, എല്ലാ കൊഴുപ്പുകളും ശരീരത്തിൽ ഒരുപോലെയല്ല പ്രവർത്തിക്കുന്നതെന്ന് ആധുനിക ശാസ്ത്രം തെളിയിക്കുന്നു.ഫാറ്റി ആസിഡുകളുടെ സവിശേഷമായൊരു ഘടനയാണ് നെയ്യിലുള്ളത്. മിതമായ അളവിൽ കഴിച്ചാൽ കൊളസ്ട്രോൾ നിലയെ ഇത് ദോഷകരമായി ബാധിക്കില്ല. നെയ്യിനെക്കുറിച്ച് കാലങ്ങളായി പ്രചരിക്കുന്ന അഞ്ച് പ്രധാന തെറ്റിദ്ധാരണകളും അവയുടെ വസ്തുതകളും പരിശോധിക്കാം. 1. നെയ്യ് ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ?നെയ്യിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ, എല്ലാ പൂരിത കൊഴുപ്പുകളും അപകടകാരികളല്ല. ബ്യൂട്ടിറിക് ആസിഡ് (Butyric acid) പോലുള്ള ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ നെയ്യിൽ ധാരാളമുണ്ട്. ഇവ എളുപ്പത്തിൽ ദഹിക്കുകയും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ചെയ്യുന്നു. അൾട്രാ-പ്രോസസ്ഡ് എണ്ണകളെ പോലെ, മിതമായ അളവിലുള്ള നെയ്യ് ഉപയോഗം ചീത്ത കൊളസ്ട്രോൾ (LDL) ഗണ്യമായി വർദ്ധിപ്പിക്കില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ, പഞ്ചസാരയുടെ അമിതമായ ഉപയോഗം, മാനസിക സമ്മർദ്ദം, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയാണ് കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ പ്രധാന വില്ലന്മാർ.2. സംസ്കരിച്ച കൊഴുപ്പുകൾ പോലെ നെയ്യും അപകടകരമാണോ? ബട്ടറിന് പകരമായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളായിട്ടാണ് നെയ്യിനെ പലരും കാണുന്നത്, എന്നാൽ, പരമ്പരാഗത രീതിയിൽ സാവധാനം ചൂടാക്കി തയ്യാറാക്കുന്ന നെയ്യിൽ നിന്ന് ലാക്ടോസും കസീനും (Casein) നീക്കം ചെയ്യപ്പെടുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. കൂടാതെ, ശരീരത്തിന് ഗുണം ചെയ്യുന്ന കോൺജുഗേറ്റഡ് ലിനോലെയിക് ആസിഡ് (CLA), കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ A, D, E, K എന്നിവയും നെയ്യിലുണ്ട്.3. ഹൃദ്രോഗികൾ നെയ്യ് പൂർണമായും ഒഴിവാക്കണോ? നെയ്യിൽ ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും, അത് രക്തത്തിലെ കൊളസ്ട്രോളിനെ ബാധിക്കുന്ന തോത് കുറവാണ്. കരളിലാണ് ശരീരം കൊളസ്ട്രോൾ ഉൽപ്പാദനം നിയന്ത്രിക്കുന്നത്. അതിനാൽ, ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കൊളസ്ട്രോളിന് ഇതിൽ മുൻപ് കരുതിയിരുന്നത്ര വലിയ പങ്കില്ല.ഭൂരിഭാഗം ആളുകൾക്കും ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. എങ്കിലും, നിലവിൽ ഹൃദ്രോഗമുള്ളവർ ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. 4: നെയ്യിൽ പോഷകഗുണങ്ങളില്ലേ ? നെയ്യിൽ നിന്ന് വെറും കലോറി മാത്രമാണ് ലഭിക്കുന്നതെന്ന ധാരണ ശരിയല്ല. ഇതിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കാൽസ്യം എല്ലുകളിലേക്ക് എത്താൻ സഹായിക്കുന്ന വിറ്റാമിൻ K2-വിൻ്റെ മികച്ച ഉറവിടമാണിത്. ഹൃദ്രോഗത്തിന് കാരണമാകുന്ന പ്രധാന ഘടകമായ ‘ആർട്ടീരിയൽ കാൽസിഫിക്കേഷൻ’ (ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) കുറയ്ക്കാൻ ഇത് വഴിയൊരുക്കും.ഇതിനുപുറമെ, നെയ്യിൻ്റെ ‘സ്മോക്ക് പോയിന്റ്’ (പുകയുന്ന താപനില) വളരെ കൂടുതലാണ്. ഉയർന്ന താപനിലയിൽ പാചകം ചെയ്യുമ്പോൾ ദോഷകരമായ ഘടകങ്ങൾ കുറച്ചു മാത്രമേ ഉണ്ടാകൂ എന്നതിനാൽ ഇത് സുരക്ഷിതമായ പാചക എണ്ണ കൂടിയാണ്. 5. റിഫൈൻഡ് ഓയിലുകൾ നെയ്യിനേക്കാൾ ആരോഗ്യകരമാണോ? ഹൃദയാരോഗ്യത്തിന് നല്ലതെന്ന ധാരണയിൽ റിഫൈൻഡ് സസ്യഎണ്ണകൾ നെയ്യിന് പകരം സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ ഒമേഗ-6 ഫാറ്റി ആസിഡുകൾ കൂടുതലുള്ള എണ്ണകൾ അമിതമായി ഉപയോഗിക്കുകയും ഒമേഗ-3 ലഭ്യത ഉറപ്പാക്കാതിരിക്കുകയും ചെയ്യുന്നത് ശരീരത്തിൽ വീക്കത്തിന് (Inflammation) കാരണമാകും. പുല്ലുതിന്ന് വളരുന്ന പശുക്കളുടെ പാലിൽ നിന്നെടുക്കുന്ന നെയ്യിൽ (Grass-fed ghee) ചെറിയ അളവിൽ ഒമേഗ-3 അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ശരീരത്തിലെ കൊഴുപ്പിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ഇത് സഹായിക്കും. കാലങ്ങളായി ചിത്രീകരിക്കപ്പെടുന്നതുപോലെ നെയ്യ് ഒരു വില്ലനല്ല. കൃത്യമായ അളവിൽ നെയ്യ് ഉപയോഗിച്ചാൽ ദഹനത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും നെയ്യ് സഹായിക്കും. പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ, ശുദ്ധമായ നെയ്യ് തിരഞ്ഞെടുക്കന്നതിലൂടെ ഹൃദയാരോഗ്യത്തിന് കോട്ടം തട്ടാതെ നെയ്യിൻ്റെ ഗുണങ്ങൾ സ്വന്തമാക്കാം.





