വിവാഹിതയായ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹം; ഉറങ്ങിക്കിടന്ന മകനെ അമ്മ അടിച്ചുകൊന്നു
ബംഗളൂരു: ഇതര ജാതിയിൽപ്പെട്ട വിവാഹിതയായ യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഉറങ്ങിക്കിടന്ന മകനെ അമ്മ അടിച്ചുകൊന്നു. കർണാടകയിലെ തുമകൂരു ജില്ലയിലെ ജക്കേനഹള്ളി ഗ്രാമത്തിലാണ് സംഭവം. 33 കാരനായ മുത്തുരാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാവ് ശിവമ്മയെ (55) പൊലീസ് അറസ്റ്റ് ചെയ്തു.നവംബർ 22 ന് രാത്രി വീടിന് പുറത്ത് പായയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തുരാജിനെ ശിവമ്മ മൂർച്ചയുള്ള മരത്തടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ സഹോദരി മുത്തുരാജിനെ വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ചോദ്യം ചെയ്യലിൽ കുറ്റസമ്മതംമുത്തുരാജിന്റെ തലയിലും മുഖത്തും പരിക്കുകൾ കണ്ടതിനെ തുടർന്ന് പൊലീസ് അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തിരുന്നു. ഇതിലാണ് മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ശിവമ്മ സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതി ശിവമ്മയാണെന്ന് ഉറപ്പിക്കുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.”ആ യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. അവരെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മുത്തുരാജ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ അമ്മ ഇതിനെ എതിർത്തിരുന്നു” – ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്ന് പൊലീസ്അതേസമയം, മുത്തുരാജും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന യുവതിയും തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരോട് യുവതിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹ തീരുമാനത്തെ ചൊല്ലി അമ്മയും മകനും തമ്മിൽ നേരത്തെ വഴക്കുകളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.രണ്ട് മാസത്തോളമായി ബംഗളൂരുവിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്ന മുത്തുരാജ് സംഭവത്തിന് മൂന്ന് ദിവസം മുമ്പാണ് ജക്കേനഹള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയത്. സാധാരണയായി രണ്ടോ മൂന്നോ മാസം വീട്ടിൽ നിന്ന് മാറിനിന്ന ശേഷമാണ് ഇയാൾ കുറച്ചു ദിവസത്തേക്ക് നാട്ടിൽ വരാറുള്ളത്. അതിനാൽ മുത്തുരാജ് ഏത് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നോ ജോലിയുടെ സ്വഭാവം എന്താണെന്നോ കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.





