കോഴിക്കോട് നിന്നും ഭക്ഷണങ്ങൾ വാങ്ങി കഴിക്കാൻ വരട്ടെ; നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ
..
കോഴിക്കോട് ∙ നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടതു ഞെട്ടിക്കുന്ന കാര്യങ്ങൾ. കാലാവധി കഴിഞ്ഞ ചിക്കൻ, ബീഫ്, വിവിധ വിഭവങ്ങളിൽ ചേർക്കാനായി തയാറാക്കിയ മസാലകൾ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ജൂസ് ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്നത് പൂപ്പൽ പിടിച്ചതും വൃത്തിഹീനവുമായ കരിമ്പിൻ തണ്ടുകൾ. ചിലയിടങ്ങളിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ആഹാരസാധനങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ചതും കണ്ടെത്തി.
ഹോട്ടലുകളിൽ വൃത്തിഹീനമായ ഫ്രീസറുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതായും കണ്ടെത്തി. ജൈവ, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതു ഓവുചാലുകളിലേക്ക് ഒഴുക്കിവിടുകയാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. പരിശോധന തുടരും. ഹെൽത്ത് ഓഫിസർ ഇൻ ചാർജ് കെ.ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.രാജേഷ്, വിഷ്ണു പ്രസാദ്, സോണിയ എന്നിവർ പ്രസംഗിച്ചു.
ഫൂഡ് സ്ട്രീറ്റിൽ പരിശോധന തുടർന്ന് കോർപറേഷൻ കോഴിക്കോട് ∙ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബീച്ച് ഫൂഡ് സ്ട്രീറ്റിൽ പരിശോധന തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം. ഏതാനും ദിവസങ്ങളായി പരിശോധനകൾ നടക്കുന്ന സാഹചര്യത്തിൽ കാര്യമായ നിയമ ലംഘനങ്ങൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടില്ല. എങ്കിലും വിൽപന നടത്തുന്ന ജീവനക്കാരോട് തൊപ്പിയും കയ്യുറയും ധരിക്കാൻ നിർദേശം നൽകി. ബീച്ച് ഫൂഡ് സ്ട്രീറ്റിലെ നിയമ ലംഘനങ്ങൾ തുടർച്ചയായി വാർത്തയായതിനെ തുടർന്നു കഴിഞ്ഞ ദിവസമാണു നിരന്തരം പരിശോധനകൾ നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്.




