ഓഫർ കാണുമ്പോഴേക്കും ചാടിവീഴല്ലേ; ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ്ങിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, പണം പോകും
ഉപയോക്താക്കൾക്ക് വലിയ ലാഭവും കിടിലൻ ഒഫറുകളുമാണ് ബ്ലാക്ക് ഫ്രൈഡേ സെയിൽ വാഗ്ദാനെ ചെയ്യുന്നത്. എന്നാൽ ഓഫറുകൾ കാണുമ്പോഴേക്കും ലിങ്കുകളിലും വെബാസൈറ്റുകളിലേക്കും ചാടി വീഴുന്നതിന് മുമ്പ് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ തട്ടിപ്പിനിരയായേക്കാം. വ്യാജ ഷോപ്പിങ് വെബാസൈറ്റുകൾ, പരസ്യങ്ങൾ, ഫിഷിങ് ലിങ്കുകൾ, വ്യാജ കൊറിയർ സന്ദേശങ്ങൾ എന്നിവയെല്ലാം ഈ സമയത്ത് തട്ടിപ്പുകാർ പുറത്തെടുക്കും. മണിക്കൂറുകളോ മിനിറ്റുകളോ മാത്രം നീണ്ടുനിൽക്കുന്ന ഓഫറുകൽ സ്വന്തമാക്കാൻ പലരും ഇത്തരം തട്ടിപ്പിൽ ചെന്നുചാടുകയും ചെയ്യും.ഇത്തരം ഉത്സവകാല ഓഫറുകളുടെ പശ്ചാത്തലത്തിലാണ് വലിയ രീതിയിൽ തട്ടിപ്പുകൾ നടക്കുന്നത്. നിങ്ങളുടെ പണവും ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാർ എളുപ്പം കൈക്കലാക്കിയേക്കാം. എഐ കൂടുതൽ ശക്തമായിരിക്കുന്ന കാലമായതിനാൽ തന്നെ തട്ടിപ്പുകാർക്ക് വ്യാജ പരസ്യങ്ങളും മറ്റും സൃഷ്ടിച്ച് കബളിപ്പിക്കാനും എളുപ്പമാണ്. നിങ്ങളുടെ തിരക്കുപിടിച്ച ഷോപ്പിങിനെ മുതലെടുക്കുന്ന രീതിയിൽ ഓഫറുകളും വ്യാജ ഓൺലൈൻ സ്റ്റോറുകളും വെബ്സൈറ്റുകളും തട്ടിപ്പുകാർ സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഓൺലൈനിൽ ഷോപ്പിങ് നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഓഫറെന്നു കാണുമ്പോൾ ചാടിവീഴാൻ പാടില്ല. കൃത്യമായി വെബ്സൈറ്റിന്റെ ആധികാരികത പരിശോധിച്ചുറപ്പിച്ചതിനു ശേഷം മാത്രം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. നേരത്തേ പറഞ്ഞതു പോലെ എഐ ഉപയോഗിച്ച് നിർമിക്കുന്നവയും യഥാർത്തത്തിലുള്ളവയും തിരിച്ചറിയാൻ പ്രയാസമാണെന്നതും ഇത്തരം തട്ടിപ്പുകളുടെ ആക്കം കൂട്ടും. പരമാവധി സൈറ്റുകളുടെയും ആപ്പുകളുടെയും പരസ്യങ്ങളുടെയും ആധികാരികത പരിശോധിക്കാൻ ശ്രദ്ധിക്കുക. വാട്സ്ആപ്പ്, എസ്.എം.എസ്, ഇമെയിലുകൾ വഴി അയക്കുന്ന ലിങ്കുകൾ ഒഴിവാക്കുക. യുപിഐ പിൻ, ഒടിപി എന്നിവ യാതൊരു കാരണവശാലും പങ്കുവെക്കരുത്. ഡെലിവറിക്കായി 10 രൂപ അധികം നൽകണം, അധികമായി 20 രൂപ നൽകണം പോലുള്ള മെസ്സേജുകൾ വെരിഫൈ ചെയ്യുക. സാധാരണ ഗതിയിൽ ഷോപ്പിങ് ആപ്പുകൾ ഓർഡർ പ്ലേസ് ചെയ്ത് കഴിഞ്ഞാൽ യാതൊരു പേയ്മെന്റും സ്വീകരിക്കില്ല. സുരക്ഷിതമായ പെയ്മെന്റ് രീതികൾ സ്വീകരിക്കുക. പരിചിതമല്ലാത്ത സൈറ്റുകളിൽ ഷോപ്പിങ് ചെയ്യുമ്പോൾ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കുക. ഇത് കൂടുതൽ സുരക്ഷ ഉറപ്പുനൽകും. ഇനി സംശയാസ്പദമായി തോന്നുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങളുടെ ഔദ്യോഗിക വിവരങ്ങൽ പങ്കുവെച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ അനധികൃത പെയ്മെന്റിന് അംഗീകാരം നൽകിയിട്ടുണ്ടെങ്കിൽ കൂടുതൽ നഷ്ടങ്ങൾ തടയാൻ ഉടൻ നടപടികൾ സ്വീകരിക്കണം. പേയ്മെന്റ് ബ്ലോക്ക് ചെയ്യുക. കാർഡ് ബ്ലോക്ക് ചെയ്യാനും യുപിഐ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കാനും ബാങ്കുമായി ബന്ധപ്പെടുക. തട്ടിപ്പ് ഉടൻ റിപ്പോർട്ട് ചെയ്യുക. 1930 എന്ന ദേശീയ സൈബർ ഹെൽപ്പ്ലൈനിൽ വിലിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. പാസ്വേഡുകൾ മാറ്റുകയും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക. അക്കൗണ്ടുകൾ നിരീക്ഷിക്കുക




