EntertaimentKeralaSpot light

വീണ്ടും അതിരുവിട്ട് മാധ്യമങ്ങള്‍, കണ്ണും ചെവിയും പൊത്തി മറുപടി പറഞ്ഞ് മോഹന്‍ലാല്‍


മലയാളികള്‍ കാലങ്ങളായി കൊണ്ടാടുന്ന നടനാണ് മോഹന്‍ലാല്‍. നാലര പതിറ്റാണ്ടിനും മുകളിലായി സിനിമാപ്രേമികളുടെയും മറ്റെല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നിരുന്നാലും പലപ്പോഴും മോഹന്‍ലാലിനെത്തേടി അനാവശ്യവിവാദങ്ങളും ഉടലെടുക്കുന്നത് കാണാനാകും. എന്നാല്‍ അതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിടുന്ന മോഹന്‍ലാലിനെയാണ് പലപ്പോഴും കാണാനാവുക.

കഴിഞ്ഞദിവസവും അത്തരത്തിലൊരു സംഭവമായിരുന്നു അരങ്ങേറിയത്. AMMAയുടെ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്താനെത്തിയ മോഹന്‍ലാലിന് ചുറ്റും മാധ്യമങ്ങള്‍ കൂടുകയായിരുന്നു. നിന്ന് തിരിയാന്‍ പോലും കഴിയാതെ നില്‍ക്കുന്ന മോഹന്‍ലാല്‍ ക്ഷമവിടാതെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

എല്ലാവരും ഒരുമിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ചെവി പൊത്തിയാണ് മോഹന്‍ലാല്‍ നിന്നത്. പിന്നീട് തനിക്ക് പറയാനുള്ള കാര്യം കൃത്യമായി പറഞ്ഞ ശേഷമാണ് അദ്ദേഹം പോയത്. മോഹന്‍ലാല്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിച്ച് ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന ചിലരെ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.

ചോദ്യത്തിന് ഉത്തരം പറയുന്നതിനിടയില്‍ മോഹന്‍ലാല്‍ തന്റെ കണ്ണ് പൊത്തുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ജി.എസ്.ടി അടച്ചതിന് ആദരം നല്‍കിയ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ഇത്തരത്തില്‍ മാധ്യമങ്ങള്‍ മോഹന്‍ലാലിനെ വളഞ്ഞിരുന്നു. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് അദ്ദേഹത്തിന്റെ കണ്ണില്‍ കൊണ്ടത് വലിയ വാര്‍ത്തയായി.

ഇത്തവണ ആരും മൈക്കും കൊണ്ട് കണ്ണില്‍ കുത്തരുതെന്ന രീതിയില്‍ മുന്‍കരുതലെടുത്ത് മോഹന്‍ലാല്‍ ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്. ശ്വാസം വിടാന്‍ പോലും സമ്മതിക്കാതെ ചുറ്റും വളയുന്ന മാധ്യമങ്ങളെ ഇതുപോലെ കൈകാര്യം ചെയ്യാന്‍ നല്ല ക്ഷമ വേണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വേണമെങ്കില്‍ ഒരുപാട് അംഗരക്ഷകരെ ചുറ്റും നിര്‍ത്തി ആരെയും അടുപ്പിക്കാതെ എല്ലാ പരിപാടിയിലും മോഹന്‍ലാലിന് പങ്കെടുക്കാമെന്നും എന്നാല്‍ അദ്ദേഹം അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ജനങ്ങളില്‍ ഒരാളായി നില്‍ക്കുന്ന സാധാരണക്കാരനാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ദേഷ്യം വരേണ്ട സമയത്തുപോലും മറ്റുള്ളവരോട് വിനയത്തോടെ പെരുമാറുന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്റേതെന്നും മറ്റുള്ളവര്‍ ഇത് കണ്ട് പഠിക്കണമെന്നും പറഞ്ഞുകൊണ്ട് ചില പോസ്റ്റുകളും സമൂഹമാധ്യമത്തില്‍ വൈറലാണ്. ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മോഹന്‍ലാലിനെ വളഞ്ഞ മാധ്യമങ്ങളെ വലിയ രീതിയില്‍ വിമര്‍ശിക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button