മലമുകളിൽ മാഗി വിറ്റ് ഒറ്റ ദിവസം കൊണ്ട് പോക്കറ്റിലാക്കിയത് 24,000 രൂപ; ഡൽഹി വ്ളോഗറുടെ പരീക്ഷണത്തിൽ അമ്പരന്ന് സോഷ്യൽമീഡിയ

ഡൽഹി: തണുത്തുറഞ്ഞ മലമുകളിലൂടെ ഇങ്ങനെ കയറിയിറങ്ങുമ്പോൾ ആവി പറക്കുന്ന ചായയോ ഒരു ബൗളിൽ ചൂടുള്ള മാഗിയോ കിട്ടിയാലോ….ഇതിൽപരം സന്തോഷം വേറൊന്നുമുണ്ടാകില്ല അല്ലേ…ഈ സന്തോഷത്തെ വിജയകരമായ ബിസിനസ് പരീക്ഷണമാക്കി മാറ്റിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള കണ്ടന്‍റ് ക്രിയേറ്റര്‍ ദേവാൻഷ് ത്യാഗി. മലയോര മേഖലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലെ വഴിയോരത്ത് മാഗി സ്റ്റാൾ ഇട്ട ദേവാൻഷ് ഒറ്റ ദിവസം കൊണ്ട് സമ്പാദിച്ചത് 24000 രൂപയായിരുന്നു. ദേവാൻഷ് ത്യാഗി നടത്തിയ പരീക്ഷണം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്. രണ്ട് മേശ, കസേരകൾ, ഒരു സ്റ്റൗവ് ..ചുരുങ്ങിയ സാമഗ്രികൾ മാത്രമാണ് സ്റ്റാളിലുണ്ടായത്. പാചകത്തിനുള്ള വെള്ളം സമീപത്തെ അരുവിയിൽ നിന്നാണ് എടുത്തത്. ചൂടുള്ള മാഗി കണ്ടതോടെ വിനോദ സഞ്ചാരികളും ട്രക്കര്‍മാരും ഓടിയെത്തി. ഒരു പ്ലേറ്റ് സാധാരണ മാഗിക്ക് 100 രൂപയും ബട്ടര്‍ മാഗിക്ക് 120 രൂപയുമാണ് ഈടാക്കിയത്.ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. മലനിരകളിലെ മാഗി കച്ചവടത്തിന്‍റെ ലാഭക്കണക്കുകളെക്കുറിച്ചും വിനോദസഞ്ചാര മേഖലയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button